ഇരിട്ടി : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്നതെന്നും രാജ്യത്തെ പട്ടിണിപ്പാവങ്ങൾക്ക് വേണ്ടി യുപിഎ സർക്കാർ നടപ്പിലാക്കിയ സ്വപ്ന പദ്ധതിയെ കോൺഗ്രസ് ജീവൻ കൊടുത്തും സംരക്ഷിക്കുമെന്നും കെപിസിസി മെമ്പർ രാജീവൻ എളയാവൂർ. ആറുമാസത്തിലധികമായി വേതനം ലഭിക്കാത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആറളം പഞ്ചായത്ത് ഭരണ നേതൃത്വം പദ്ധതി നടത്തിപ്പില്‍ പൊതുമരാമത്ത് ടെണ്ടറുകൾ അധിക തുകയ്ക്ക് കരാർ നൽകിയതിലെ ലക്ഷങ്ങളുടെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസ് ആറളം, കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ എടൂരിൽ ആറളം പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോഷി പാലമറ്റം അധ്യക്ഷത വഹിച്ചു. കെ. വേലായുധൻ, വി.ടി. തോമസ്, പി.എ. നസീർ ,ജിമ്മി അന്തിനാട്ട് , അരവിന്ദൻ അക്കാനശ്ശേരി, ഷിജി നടുപ്പറമ്പിൽ, രജിത മാവില , ലില്ലി മുരിയംകരി, അമൽ മാത്യു, വത്സ ജോസ്, ജോസ് അന്ത്യാകുളം, വി. ശോഭ, ജോർജ് ആലാംപള്ളി , സെലിൻ ടീച്ചർ, ജെസി ഉമ്മിക്കുഴി, മാർഗരറ്റ് വീറ്റോ , അബ്ദുൾ നാസർ, ഫ്രാൻസിസ് കുട്ടിക്കാട്ട് , കെ.എം. പീറ്റർ, ഹരീന്ദ്രൻ, സജി കൂറ്റനാൽ എന്നിവർ പ്രസംഗിച്ചു.
Rajeevanelayavoor