തളിപ്പറമ്പ് : ജില്ലാപഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം കുറുമാത്തൂർ അതിരിയാടിൽ പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി നിർവഹിച്ചു. വാർഷിക പദ്ധതിയിൽപ്പെടുത്തി ജില്ലയിലെ വിവിധ വനിതാ ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി, വാടാമല്ലി തൈകൾ വിതരണം ചെയ്യുകയും കൃഷിക്കുവേണ്ട സാങ്കേതിക സഹായം അതതു കൃഷി ഓഫീസുകൾ വഴി ലഭ്യമാക്കുകയും ചെയ്തിരുന്നു. 54 പഞ്ചായത്തുകളിലേക്കായി ജില്ലയിലെ അഞ്ചു സർക്കാർ ഫാമുകളിൽ നിന്ന് ഉൽപാദിപ്പിച്ച 1,84,615 ചെണ്ടുമല്ലി തൈകളും 61,538 വാടാമല്ലി തൈകളുമാണ് വിതരണം ചെയ്തത്. 16 ലക്ഷം രൂപയാണ് അടങ്കൽ തുക.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സീന, വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.എം സബിത, ഷനോജ് മാസ്റ്റർ, കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.പി പ്രസന്ന ടീച്ചർ, പി ലക്ഷ്മണൻ, സി അനിത, പഞ്ചായത്തംഗം കെ ശശിധരൻ, തളിപ്പറമ്പ് ബ്ലോക്ക് അസി. കൃഷി ഡയറക്ടർ ബി സുഷ, കുറുമാത്തൂർ കൃഷി ഓഫീസർ കെ.കെ അമൃത എന്നിവർ പങ്കെടുത്തു.
Onamflowerharvesting