കണ്ണൂർ : മുളപ്രപാലം വെള്ളത്തിൽ മുങ്ങി.രാത്രി പെയ്ത മഴയിലാണു പാലവും കൃഷിയിടവും വെള്ളത്തിനടിയിലായത്. നൂറു കണക്കിനാളുകൾ ദിവസവും യാത്ര ചെയ്യുന്ന പാലം വെള്ളത്തിൽ മുങ്ങിയതോടെ മുളപ്ര, പാറോത്തുംനീർ ഭാഗങ്ങളിലെ ജനങ്ങളാണു ഏറെ ദുരിതത്തിലായത്. പാലം മുങ്ങിയത് മുളപ്ര അൽഫോൻസാ ദേവാലയത്തിലും, മുളപ്ര ധർമശാസ്താ ക്ഷേത്രത്തിലും എത്തുന്ന വിശ്വാസികളെയും ദുരിതത്തിലാക്കി. തിരുമേനി പുഴയുടെ മുളപ്ര ഭാഗത്തു നിർമിച്ച പാലത്തിനു ഉയരം തീരെ കുറവാണ്. ഇതാണു വളരെ പെട്ടെന്ന് പാലത്തിൽ വെള്ളം കയറാൻ കാരണം. പഴയ പാലം പൊളിച്ചു മാറ്റി പുതിയ പാലം നിർമിക്കണമെന്ന ആവശ്യത്തിനു ഏറെ കാലപ്പഴക്കമുണ്ട്. എന്നാൽ അതിൻ്റെ നടപടികൾ അവസാന ഘട്ടത്തിലാണ്.പുഴയുടെ അക്കര ഭാഗത്തു നിന്നുമുള്ള വിദ്യാർഥികൾ ഈ പാലം കടന്നാണു പ്രാപ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെത്തുന്നത്. പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകാൻ തുടങ്ങിയതോടെ രാവിലെ കുട്ടികളെ പുഴ കടത്തിവിടാനും വൈകിട്ടു തിരികെ കൊണ്ടുപോകാനും രക്ഷിതാക്കൾ പാലത്തിനു സമീപം കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. ചെറുപുഴ പഞ്ചായത്തിലെ 16, 17 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.
Kannurmulaprabridge