തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസ് എടുത്തു. ഐപിസി 336, 338 എന്നീ വകുപ്പുകളാണ് ഡോക്ടർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിലവിൽ ഒരു പ്രതി മാത്രമാണ് കേസിലുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങുകയായിരുന്നു. കാട്ടക്കട മലയിൻകീഴ് സ്വദേശി സുമയ്യയാണ് ഡോക്ടർമാരുടെ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്.
അതേസമയം, പ്രശ്നം ആരോഗ്യവകുപ്പ് നിസ്സാരമായി കാണുന്നുവെന്ന് സുമയ്യയുടെ സഹോദരീ ഭർത്താവ് പറഞ്ഞു. നീതി ലഭിക്കും വരെ പോരാട്ടം തുടരും. ഡോ രാജീവ് കുമാറിന് ശസ്ത്രക്രിയയ്ക്ക് മുമ്പ് പണം നൽകിയിരുന്നു. നെടുമങ്ങാട് പ്രൈവറ്റ് ക്ലിനിക്കിൽ പോയി കണ്ടു. ഒപിയിൽ മറ്റൊരു ഡോക്ടറെ കണ്ടപ്പോൾ നൽകിയ നിർദ്ദേശം അനുസരിച്ചാണ് നെടുമങ്ങാട് ക്ലിനിക്കിൽ പോയതെന്നും സബീർ പറഞ്ഞു. ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും നടപടിയില്ല. ആരോഗ്യവകുപ്പിൽ നിന്ന് ആരും സംസാരിച്ചിട്ടില്ലെന്നും സബീർ വെളിപ്പെടുത്തി.

2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ രാജിവ് കുമാറാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങികിടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിലാക്കിയത് എന്നാണ് പരാതി. ശ്രീചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടി. എക്സ്റേ പരിശോധനയിൽ ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തി. ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. ഗുരുതര പിഴവ് ഉണ്ടായതിൽ നീതി വേണമെന്നും വിദഗ്ധ ചികിത്സ നൽകണമെന്നുമാണ് സുമയ്യ ആവശ്യപ്പെടുന്നത്.
Trivandramjeneralhosoital