കണ്ണൂർ : 40 സെൻ്റ് വിസ്‌തൃതിയുള്ള ഈ പച്ചത്തുരുത്ത്, എഴുപതോളം അപൂർവയിനം സസ്യങ്ങളും മറ്റു ജീവജാലങ്ങളുമായി സമ്പന്നമാണ്. പച്ചത്തുരുത്തിൻന്റെ ജൈവവേലി കൈതച്ചക്ക ചെടികളും കുറ്റി മുള തൈകളുമാണ്. ജയിലിൽതന്നെയുള്ള ജൈവ വളമാണ് നൽകുന്നത്. പരിപാലിക്കുന്നത് അന്തേവാസികളും. എല്ലാ സസ്യങ്ങൾക്കും പൊതു നാമവും ശാസ്ത്രീയനാമവും പ്രാദേശിക നാമവും നൽകിയിട്ടുണ്ട്.
പശ്ചിമഘട്ടത്തിൽ വംശനാശഭീഷണി നേരിടുന്ന ഏകനായകം, മൂത്താശാരി, വെള്ള പൈൻ, കറുത്ത കുന്തിരിക്കം, ഉരുപ്പ്, കേരളത്തിൽ അപൂർവമായ ഭദ്രാക്ഷം, രുദ്രാക്ഷം, പുത്രം ജീവ, നാഗ കേസരം, വാത്മീകി ജഡ, നാഗമരം തുടങ്ങിയവ ഈ പച്ചത്തുരുത്തിന്റെ പ്രത്യേകതയാണ്. സുഗന്ധത്തിന് പേരുകേട്ട ഗന്ധരാജൻ, പവിഴമല്ലി, സർവസുഗന്ധി, കർപ്പൂരം എന്നിവയും വെങ്കണ, കറിവേപ്പില, പൂവ്വം, നാരകം, കടമ്പമരം, ഇലവ് എന്നിവയും ഇവിടെയുണ്ട്. സ്നേഹവനത്തിന്റെ മുൻവശത്തായി കിലുക്കി, ചെക്കി, ഹനുമാൻ കിരീടം തുടങ്ങിയവയുള്ള ശലഭോധ്യാനവും മറ്റൊരുവശത്ത് പശ്ചിമഘട്ടത്തിൽ കൊങ്കൺ മേഖലയിൽ കാണുന്ന ചെടികളുമുണ്ട്.

ഇതോടൊപ്പം നീർമാതളം, രക്തചന്ദനം, അത്തി, ആറ്റുവഞ്ചി, തിരുവട്ടക്കായ, കായാമ്പു, പൂവരശ്, വയന, മണി മരുത് തുടങ്ങിയ അപൂർവ സസ്യങ്ങളെയും പരിപാലിക്കുന്നു. ഈ പച്ചത്തുരുത്ത് അരയേക്കറിൽകൂടി വിപുലീകരിക്കുന്ന സമയത്താണ് സംസ്ഥാനാംഗീകാരം തേടിവന്നത്. ഗവേഷകർക്കും വിദ്യാർഥികൾക്കും ഇവിടെ പഠനത്തിനായി അവസരമൊരുക്കാനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട്.
ജയിൽ സൂപ്രണ്ട് കെ വേണു, ഹരിതസ്‌പർശം കോ ഓഡിനേറ്റർ എ കെ ഷിനോജ്, അസി. കോ ഓഡിനേറ്റർ പി ബിജിത്ത് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Kannur