തിരുവനന്തപുരം : കുടിശിക ലഭിക്കാത്തതോടെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാരുടെ നീക്കം. ഉപകരണ വിതരണക്കാർ ആശുപത്രികളിലെത്തി. തിരുവനന്തപുരം , കോഴിക്കോട് , കോട്ടയം മെഡിക്കൽ കോളജുകളിലാണ് പ്രതിസന്ധി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടുമായി ചർച്ച നടത്തുകയാണ്. എറണാകുളം ജിഎച്ചിലും ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്നാണ് മുന്നറിയിപ്പ്.
നേരത്തെ തന്നെ വിതരണക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കോടി കണക്കിന് രൂപയാണ് ഉപകരണ വിതരണ കമ്പനിക്കാർക്ക് സർക്കാർ നൽകാനുള്ളത്. പല തവണ സർക്കാരുമായി വിതരണക്കാർ ചർച്ച നടത്തിയെങ്കിലും പണം നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് വിതരണക്കാർ കടന്നിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് നേരത്തെ നൽകിയിരുന്ന ഉപകരണങ്ങൾ തിരിച്ചെടുക്കാനാണി വിതരണക്കാർ തീരുമാനിച്ചിരിക്കുന്നത്.

2024 ജൂലൈ ഒന്നു മുതൽ 159 കോടി രൂപ കുടിശ്ശിക ഉണ്ടെന്നാണ് വിതരണക്കാർ പറയുന്നത്. ഉപകരണങ്ങൾ തിരിച്ചെടുത്താൽ ഹൃദയ ചികിത്സ മുടങ്ങും. സെപ്റ്റംബർ മുതൽ പുതിയ ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നില്ല. നേരത്തെയുണ്ടായിരുന്ന സ്റ്റോക്കുകളുടെ പണം പോലും നൽകാനുണ്ടെന്നാണ് കമ്പനിക്കാർ പറയുന്നത്. അതിനാൽ ഉപകരണങ്ങൾ തിരിച്ചെടുത്തേ മതിയാകൂ എന്ന നിലപാടിലാണ് വിതരണക്കാർ. ഒക്ടോബർ നാലുവരെയായിരുന്നു സമയം നൽകിയിരുന്നത്. എന്നാൽ കുടിശ്ശികയിൽ തീരുമാനമായില്ല.
Governmenthospital