തിരുവനന്തപുരം : ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് മുന്‍പ് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത്തരം കേസുകള്‍ക്ക് ആദ്യം തന്നെ ഹൈക്കോടതിയെ സമീപിക്കുന്ന രീതി ശരിയല്ലെന്ന സുപ്രിംകോടതിയുടെ മുന്‍ നിര്‍ദേശം കൂടി പരിഗണിച്ചുകൊണ്ടാണ് ആദ്യം ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് സൂചന. യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നെന്ന് ഉള്‍പ്പെടെയാണ് രാഹുലിന്റെ വാദങ്ങള്‍.
അഡ്വ. എസ് രാജീവ് മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി നീക്കം നടത്തുന്നത്.കേസിലെ എഫ്ഐആര്‍ അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ നീക്കം. ഗര്‍ഭിണിയായിരിക്കെയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുവതിയെ പല തവണ പീഡിപ്പിച്ചുവെന്ന് എഫ്‌ഐആറില്‍ ഗുരുതര കണ്ടെത്തല്‍. നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പാലക്കാട് ഉള്‍പ്പടെ മൂന്നു സ്ഥലത്തു വെച്ച് പീഡിപ്പിച്ചുവെന്നും വലിയമല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു,നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി എന്നിങ്ങനെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
2025 മാര്‍ച്ച് നാലിന് തൃക്കണ്ണാപുരത്തെ അതിജീവിതയുടെ ഫ്‌ലാറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ദേഹോപദ്രവമേല്‍പ്പിച്ചുകൊണ്ട് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നുള്‍പ്പെടെയാണ് എഫ്‌ഐആറിലെ പരാമര്‍ശങ്ങള്‍. മാര്‍ച്ച് 17 നു ഭീഷണിപ്പെടുത്തി അതിജീവിതയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി. ബന്ധം പുറത്തു പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് തുടര്‍ച്ചയായ ഭീഷണി. അതിജീവിത ഗര്‍ഭിണിയാണെന്ന് അറിഞ്ഞും നിരന്തര പീഡനം തുടര്‍ന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രില്‍ 22 -ാം തീയതി തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റില്‍ വെച്ചും, മെയ് അവസാനം പാലക്കാട്ടെ പ്രതിയുടെ വീട്ടില്‍ വെച്ചും പല തവണ പീഡിപ്പിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
Rahulmangoottathil





































