ഡൽഹി : പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബിൽ അവതരിപ്പിച്ചത്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ബിൽ അവതരണത്തെ എതിർത്തു. മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുമായി പ്രതിപക്ഷം സഭാ കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ശിവ രാജ് സിങ് ചൗഹാൻ പറഞ്ഞു. സ്വയം പര്യാപ്തമായ ഗ്രാമം എന്ന ഗാന്ധിജിയുടെ ആശയമാണ് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. പാവപ്പെട്ടവരുടെ ക്ഷേമമാണ് സർക്കാറിന്റെ ലക്ഷ്യം. പദ്ധതിക്കായി യുപിഎയെ കാലത്തേക്കാൾ ഫണ്ട് വകയിരുത്തിയെന്ന് മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ദീൻ ധരയാൽ ഉപാധ്യായയുടെയും ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. നൂറു ദിവസത്തിന് പകരം 125 ദിവസത്തെ തൊഴിലുറപ്പ് പുതിയ ബില്ല് നൽകുന്നുവെന്ന് കേന്ദ്രമന്ത്രി ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
സ്വാതന്ത്ര്യസമരം നയിച്ച രാഷ്ട്രപിതാവിന്റെ പേര് മാറ്റിയ മന്ത്രി എന്ന നിലയിൽ ആകും നിങ്ങളുടെ പേര് അറിയപ്പെടുകയെന്ന് കെസി വേണുഗോപാൽ വിമർശിച്ചു. ബില്ല് സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണമെന്ന് എൻസിപി അംഗം സുപ്രിയ സുലെ ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ രാമരാജ്യം രാഷ്ട്രീയ പദ്ധതിയല്ലെന്ന് ശശി തരൂർ എംപി പറഞ്ഞു. ഗ്രാമസ്വരാജായിരുന്നു മഹാത്മാഗാന്ധിയുടെ രാമരാജ്യ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. 40 ശതമാനം സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങൾക്ക് മേൽ കെട്ടിവക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് അദേഹം പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി രാജ്യത്തെ ജനങ്ങൾക്ക് തൊഴിൽ ഉറപ്പു നൽകുന്ന നിർണായക പദ്ധതിയാണ് ഇല്ലാതാക്കുന്നത്. തൊഴിൽ അവകാശം ആയിരുന്നത് പുതിയ ബില്ലിലൂടെ അല്ലാതാകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന് വിരുദ്ധമാണ് പുതിയ നിയമം. ബില്ല് ഭരണഘടന വിരുദ്ധമാണ്. എല്ലാ പദ്ധതികളുടെയും പേരുമാറ്റുന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
Mahathmaganthi

















.jpeg)





















