തിരുവനന്തപുരം : തലമുറമാറ്റം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് സ്വാഗതം ചെയ്ത് കെഎസ്‍യു. പ്രതിപക്ഷ നേതാവിന്റെ നിലപാട് പ്രതീക്ഷ നൽകുന്നതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ട്വന്റി ഫോറിനോട് പറഞ്ഞു. പുതുമുഖങ്ങൾ കടന്നുവരണം. യുവത്വത്തെ പരിഗണിച്ച തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റം ഉണ്ടായി. ഭരിക്കുന്നത് യുവത്വത്തെ വഞ്ചിച്ച സർക്കാരാണെന്നും അലോഷ്യസ് സേവ്യർ പരിഹസിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാനാണ് കോൺഗ്രസ് നീക്കം. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞു. ഫെബ്രുവരിയോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന.
അടുത്തമാസം ചേരുന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് തീരുമാനം.
സംഘടനാപരമായി യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം കൊടുക്കണമെന്ന് ദേശീയ നേതൃത്വവും രാഹുൽഗാന്ധിയും പറഞ്ഞതാണെന്നും വിഡി സതീശൻ പറഞ്ഞു. പഴയ തലമുറയിൽപ്പെട്ട ആളുകളോട് മാറിനിൽക്കാൻ അല്ല പറയുന്നത്. ഉറപ്പായും സ്ത്രീകൾക്കും യുവാക്കൾക്കും പ്രാധാന്യമുണ്ടാകും. പാർട്ടിയെ സജീവമായി നിർത്താൻ വേണ്ടിയിട്ട് കൂടിയാണ്. പ്രായമായ ആരെയും മാറ്റിനിർത്തില്ലെന്നും വിഡി സതീശൻ പറഞ്ഞു.
Ksuvdsatheesan







































