ചിറ്റാരിപ്പറമ്പ് : കാർഷിക മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ചിറ്റാരിപ്പറമ്പ് ഗ്രാമപ്പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ സൗരോർജവേലി നിർമാണത്തിന് തുടക്കം. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ 25 ഏക്കർ കൃഷിസ്ഥലത്താണ് സൗരോർജവേലി നിർമിക്കുന്നത്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ക്രോപ്പ് ഹെൽത്ത് മാനേജ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ശതമാനം സബ്സിഡി നിരക്കിലാണ് നിർമ്മാണം. കർഷകനായ വട്ടോളി കുഞ്ഞോളത്തില്ലത്തു കെ.ഐ. ഉണ്ണികൃഷ്ണന്റെ കൃഷിസ്ഥലത്ത് നടത്തിയ നിർമ്മാണ പ്രവർത്തികൾ വാർഡ് അംഗം സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചിറ്റാരിപ്പറമ്പ് കൃഷി ഓഫീസർ എ. സൗമ്യ അധ്യക്ഷനായി.
വന്യമൃഗശല്യം കാരണം മൂന്നുവർഷത്തിനിടെ ഗ്രാമപ്പഞ്ചായത്തിലെ 18 ഹെക്ടർ സ്ഥലം തരിശായതും കർഷകരുടെ വരുമാനം കുറഞ്ഞതും ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പഞ്ചായത്തും കൃഷിഭവനും സൗരോർജവേലിയെ പറ്റി അന്വേഷണം നടത്തി പദ്ധതി തയ്യാറാക്കിയത്. ക്രോപ്പ് ഹെൽത്ത് മാനേജ്മെന്റിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴരലക്ഷം രൂപ സൗരോർജവേലി നിർമാണത്തിന് വകയിരുത്തി. കാട്ടുപന്നി, കാട്ടുപോത്ത്, മാൻ എന്നീ വന്യമൃഗങ്ങളുടെ ശല്യം കാരണം കർഷകർക്ക് നെല്ല്, പച്ചക്കറികൾ, വാഴ, തെങ്ങ്, പയറുവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ ഒന്നും തന്നെ വിളവെടുക്കാൻ കഴിയാതായതോടെ കർഷകർ കൃഷി ഉപേക്ഷിക്കാൻ തുടങ്ങി. വന്യമൃഗങ്ങളിൽനിന്നും കൃഷിയും കർഷകരെയും സംരക്ഷിക്കുക, ഉത്‌പാദനം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സൗരോർജവേലി ഒരുക്കുന്നത്. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ നിർമിക്കുന്നതാണ് സൗരോർജവേലി.
Now solar power fences in farmlands



































