തിരുവനന്തപുരം : ആദ്യരണ്ട് ലൈംഗിക പീഡനപരാതികളുമായി ഏറെ സാമ്യമുള്ളതാണ് രാഹുലിനെ അഴിക്കുള്ളിലാക്കിയ മൂന്നാം ബലാത്സംഗ പരാതി. കാനഡയിലുള്ള യുവതിയുടെ വിവാഹബന്ധത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ടാണ് 2023 സെപ്റ്റംബർ മുതൽ രാഹുൽ അടുപ്പം സ്ഥാപിച്ചത്. കുഞ്ഞുങ്ങളെ വേണമെന്നും നല്ലൊരു പിതാവായിരിക്കുമെന്നും സംസാരിച്ചു തുടങ്ങിയ രാഹുൽ, വിവാഹത്തിന് താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടൽറൂമിൽ യുവതിയോട് റൂം ബുക്ക് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. ആദ്യമായി നേരിൽ കണ്ട യുവതിയുടെ മുഖത്തുപോലും നോക്കാതെ രാഹുൽ ബലമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. കുട്ടികളുണ്ടാകട്ടെ എന്നുപറഞ്ഞായിരുന്നു പീഡനം. മുഖത്തടിക്കുകയും തുപ്പുകയും ശരീരമാകെ മുറിവേൽപ്പിക്കുകയും ചെയ്ത് രാഹുലിന്റെ കൊടുംക്രൂരത. അന്ന് ധരിച്ച വസ്ത്രങ്ങൾ യുവതി തെളിവിനായി സൂക്ഷിച്ചിട്ടുണ്ട്.
പിന്നീട് ഗർഭിണിയായെന്ന് അറിയിച്ചപ്പോൾ സ്നേഹം നടിച്ച രാഹുലിനെ യുവതി വിശ്വസിച്ചു. എന്നാൽ ഒരു മാസം തികയുംമുന്നേ രാഹുൽ മലക്കംമറിഞ്ഞു. മറ്റാരുടോ കുഞ്ഞെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. ഡിഎൻഎ ടെസ്റ്റിന് തയ്യാറെന്ന് രാഹുലിനെ ഫോൺ വഴി അറിയിക്കാൻ ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും, യുവതിയെ ബ്ലോക് ചെയ്തിരുന്നു. ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്കൊടുവിൽ ഗർഭമലസി. ഇതിനിടയിൽ ചെരുപ്പിനും സൺസ്ക്രീൻ ക്രീമിനും, പാലക്കാട് തിരഞ്ഞെടുപ്പ് സമയത്ത് ആഹാരം കഴിക്കാനെന്ന പേരിലും പലതവണ രാഹുൽ പണം വാങ്ങിക്കൊണ്ടിരുന്നു. മുണ്ടക്കൈ-ചൂരൽമല ഫണ്ടിന്റെ പേരിലും പണം വാങ്ങി.
വിശ്വസ്തൻ ഫെന്നി നൈനാൻ വഴിയും, പരാതി നൽകാതിരിക്കാനുള്ള വൈകാരിക ഇടപെടലുകൾ രാഹുൽ നടത്തിക്കൊണ്ടിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പാലക്കാട് ഫ്ലാറ്റ് വാങ്ങാൻ പണം ചോദിച്ചെങ്കിലും, നൽകിയില്ല. രാഹുലുമായുള്ള ബന്ധം ഫെന്നിയെ അറിയിച്ചെന്ന പേരിൽ അധിക്ഷേപവും അസഭ്യവും പറഞ്ഞു. മറ്റ് പരാതികൾ വന്ന ശേഷം, ഇക്കഴിഞ്ഞ ഡിസംബറിൽ വീണ്ടും ബന്ധപ്പെട്ടപ്പോൾ, സഹോദരിയുടെ വിവാഹം മുടക്കുമെന്നടക്കം രാഹുൽ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നെന്നും അതിജീവിത പറയുന്നു.
Rahulmangoottathil







































