തിരുവനന്തപുരം : കേരളാ കോൺഗ്രസ് എം എൽ ഡി എഫ് വിടുമോ? കുറച്ചു ദിവസങ്ങളായി ഉയർന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം.”യേശുക്രിസ്തു പറയുന്നുണ്ട്, ജെറുസലേമിലെ സഹോദരന്മാരെ നിങ്ങൾ എന്നെ ഓർത്ത് കരയേണ്ട, നിങ്ങളേയും നിങ്ങളുടെ മക്കളെയും ഓർത്ത് വിലപിക്കൂ…” എന്ന ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ചായിരുന്നു ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം ആരംഭിച്ചത്. കേരളാ കോൺഗ്രസ് എം എൽ ഡി എഫിൽ തുടരും. കേരളാ കോൺഗ്രസ് എം എവിടെയാണോ അവിടെയായിരിക്കും അധികാരം. എൽ ഡി എഫിൽ ഉറച്ചുനിൽക്കുമെന്നും, രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റം വരുത്തേണ്ട സാഹചര്യമൊന്നും നിലവിൽ ഇല്ലെന്നായിരുന്നു പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണിയുടെ വാക്കുകൾ.
മുന്നണി മാറേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ജോസ് കെ മാണി വ്യക്തമാക്കുന്നത്. തങ്ങൾക്ക് വിവിധയിടങ്ങളിൽ നിന്നും ക്ഷണമുണ്ട്, എല്ലാ സ്ഥലങ്ങളിൽ നിന്നും വിളിവരുന്നുണ്ടെന്നും, കേരളാ കോൺഗ്രസ് എമ്മിന് പ്രാധാന്യമുള്ളതിനാലാണ് അത്തരത്തിൽ ക്ഷണം വരുന്നത് എന്നുമാണ് ജോസ് കെ മാണി വ്യക്തമാക്കുന്നത്. തൽക്കാലം എൽ ഡി എഫിന്റെ ഭാഗമായി തുടരുമെന്നുമാത്രമാണ് ജോസ് കെ മാണി സൂചിപ്പിച്ചത്. അധികാരം നിലനിർത്തണമെങ്കിൽ ഞങ്ങളുടെ സഹായം ആവശ്യമാണെന്ന സൂചനകൂടി ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ജോസ് കെ മാണി നൽകുന്നുണ്ട്. ജോസ് കെ മാണിയും കേരളാ കോൺഗ്രസും ഉടൻ യു ഡി എഫിന്റെ ഭാഗമാവുമെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നതിനിടയിലാണ് ജോസ് കെ മാണി മുന്നണിമാറ്റത്തിൽ വ്യക്തതവരുത്തിയിരിക്കുന്നത്.
കേരളാ കോൺഗ്രസ് എമ്മിനെ യു ഡി എഫിൽ എത്തിക്കുന്നതിനായി നിരവധി ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ ഭൂരിപക്ഷം എം എൽ എമാരും മുന്നണിമാറ്റത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു. മന്ത്രിയും പാർട്ടിയിലെ രണ്ടാമനുമായ റോഷി അഗസ്റ്റിൻ റാന്നി എം എൽ എ പ്രമോദ് നാരായാണൻ, കാഞ്ഞിരപ്പള്ളി എം എൽ എ പ്രോഫ. ജയരാജ് എന്നിവർ മുന്നണി മാറ്റത്തെ അതിശക്തമായി എതിർത്തതോടെയാണ് തീരുമാനം മാറ്റിയതെന്നണ് പുറത്തുരുന്ന വാർത്തകൾ. എൽ ഡി എഫിനൊപ്പം നിൽക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന ചർച്ചകൾ വ്യാപകമായതോടെയാണ് വീണ്ടും മുന്നണി മാറ്റത്തിൽ യു ഡി എഫ് നേതാക്കളുമായി ചർച്ചകൾ നടത്താൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്. എന്നാൽ ഭൂരിപക്ഷം എം എൽ എമാർ ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ജോസ് കെ മാണി യൂ ടേൺ അടിക്കുകയായിരുന്നു.
കേരളാ കോൺഗ്രസ് എം മുന്നണി വിട്ടാൽ പാർട്ടിപിളരും. തദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയാണ് കേരളാ കോൺഗ്രസ് എമ്മിനെ രാഷ്ട്രീയമായി ആശങ്കയിലേക്ക് തള്ളിവിട്ടത്. ഇതോടെ എൽ ഡി എഫിൽ തുടരേണ്ടതുണ്ടോ എന്ന ചർച്ചകൾ സജീവമാവുകയായിരുന്നു. മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ നടന്ന ചർച്ച പുരോഗമിക്കവേയാണ് റോഷി അഗസ്റ്റിനും, പ്രമോദ് നാരായണനും പ്രൊഫ. കെ ജയരാജും എതിർപ്പുമായി രംഗത്തെത്തിയത്. സഭാ നേതൃത്വവുമായുള്ള അനൗദ്യോഗിക ചർച്ചകളും കൂടിക്കാഴ്ചകളും ഒരു ഭാഗത്ത് തുടരുന്നതിന് ഇടയിലാണ് പാർട്ടിയിൽ ഭിന്നാഭിപ്രായമുയർന്നത്. റോഷി അഗസ്റ്റിൻ നിലവിൽ മന്ത്രിയാണ്. അതിനാൽ കേരളാ കോൺഗ്രസ് എമ്മിൽ ഒരു പിളർപ്പുണ്ടായാൽ അതിനെ താങ്ങാൻ ഇരു വിഭാഗങ്ങൾക്കും നിലനിൽപ്പുണ്ടാവില്ല. വളരും തോറും പിളരുന്ന പാർട്ടിയായായി വീണ്ടും പഴി കേൾക്കേണ്ടിവരുമെന്നതും തീരുമാനം മാറ്റാൻ ഇരു വിഭാഗം നേതാക്കളേയും പ്രേരിപ്പിക്കുന്നത്.
ഒറ്റക്കെട്ടായി തീരുമാനമെടുക്കണമെന്നായിരുന്നു ജോസ് കെ മാണിയുടെ തുടക്കംമുതലുള്ള തീരുമാനം. കേരളാ കോൺഗ്രസ് എം മുന്നണി മാറുമെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ റോഷി അഗസ്റ്റിൻ മുന്നണിയിൽ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രമോദ് നായാണനും പിന്നാലെ നിലപാട് വ്യക്തമാക്കി. ഇതോടെ ജോസ് കെ മാണിയെ പ്രതിരോധത്തിലാക്കുകയായിരുന്നു. റോഷിയേയും മറ്റു എം എൽ എമാരേയും ഒപ്പം നിർത്തി മുന്നോട്ടുപോവുന്നതാണ് കേരളാ കോൺഗ്രസ് എമ്മിന്റെ നിലനിൽപ്പിന് ഭദ്രമെന്ന തിരിച്ചറിവാണ് ജോസ് കെ മാണിയുടെ പ്രഖ്യാപനത്തിന് കാരണം.
ജോസ് കെ മാണിയെ തിരികെ യു ഡി എഫിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തെ ശക്തമായി എതിർക്കുകയാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും പാലാ എം എൽ എ മാണി സി കാപ്പനും. ജോസ് കെ മാണിയുടെ സഹായമില്ലാതെ തന്നെ ഭരണം പിടിക്കാൻ പറ്റുന്ന രാഷ്ട്രീയ സാഹചര്യമിണിപ്പോൾ എന്നാണ് ഇരുവരും വ്യക്തമാക്കുന്നത്. ജോസ് കെ മാണിയുടെ പിറകെ പോവുന്നത് രാഷ്ട്രീയമായി പാപ്പരത്തമാണെന്ന അഭിപ്രായമാണ് മോൻസ് ജോസഫിനുള്ളത്. ജോസ് കെ മാണി യു ഡി എഫിൽ എത്തിയാലും പാലായിൽ വിജയ സാധ്യതയില്ലെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വവും ആവർത്തിക്കുന്നുണ്ട്. മുന്നണി മാറ്റമില്ലെന്ന് പാർട്ടി ചെയർമാൻ വ്യക്തമാക്കിയതോടെ തൽക്കാലം മുന്നണി മാറ്റ ചർച്ചകൾക്ക് അന്ത്യമാവുകയാണ്.
Josekmani



















_(17).jpeg)




















