കണ്ണൂർ : കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബഡ്‌സ് ഒളിമ്പ്യ 2026(ബഡ്‌സ് ഒളിമ്പ്യ 2.0) കണ്ണൂർ പോലീസ് പരേഡ് സിന്തറ്റിക് ഗ്രൗണ്ടിൽ വച്ച് നടക്കും.ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കായിക മാമാങ്കത്തിൽ 380 കായിക താരങ്ങൾ വ്യത്യസ്ത മത്സര ഇനങ്ങളിലായ് മത്സരിക്കും.കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിനും,കായിക മേഖലയിൽ ദേശീയ തലത്തിൽ അവസരങ്ങൾ ഉയർത്തിക്കൊണ്ട് വരുക എന്ന ലക്ഷ്യവുമായ് ബഡ്‌സ് കായികോത്സവം സംഘടിപ്പിക്കുന്നത്.ഒളിമ്പിക്സ് മാതൃകയിൽ രണ്ട് ദിവസങ്ങളിൽ ആയി സംഘടിപ്പിക്കുന്ന ബഡ്‌സ് ഒളിമ്പ്യായുടെ രണ്ടാമത് പതിപ്പാണ് കണ്ണൂരിൽ വച്ച് നടക്കുന്നത്.കഴിഞ്ഞ വർഷം മലപ്പുറത്ത് വച്ചാണ് പ്രഥമ ബഡ്‌സ് ഒളിമ്പ്യ സംഘടിപ്പിച്ചത്.ജനുവരി 23,24 തീയതികളിൽ ആയി ജില്ലാ ഒളിമ്പ്യായിൽ വിജയികളായ കായിക താരങ്ങൾ ജില്ലകളെ പ്രതിനിധീകരിച്ചു മത്സരിക്കും.
പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിക്കുന്ന ഒളിമ്പ്യായിൽ മുഴുവൻ സമയ മെഡിക്കൽ സേവനവും ലഭ്യമാക്കും.ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ബഡ്‌സ് സ്കൂളുകളിലും കുടുംബശ്രീ നേതൃത്വത്തിൽ കായിക പരിശീലനവും നൽകി വരുന്നു.ജനുവരി 23 വെള്ളിയാഴ്ച ഉച്ചക്ക് 2:30ന് രാജ്യ സഭ എം പി വി ശിവദാസൻ കായിക മേള ഉദ്ഘാടനം ചെയ്യും.കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷൻ ആകും.കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ മുഖ്യാതിഥി ആകും , കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ,കുടുംബശ്രീ സോഷ്യൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം ഓഫീസർ ബി ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തും.കണ്ണൂർ ജില്ലാ പോലീസ് കമ്മീഷണർ നിധിൻ രാജ് ദീപശിഖ ഏറ്റുവാങ്ങും.24 ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും.രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കണ്ണൂർ കോർപ്പറേഷൻ മേയർ പി ഇന്ദിര, എം പി സുധാകരൻ, എം പി സന്തോഷ് കുമാർ എന്നിവർ മുഖ്യ അതിഥികൾ ആകും.തളിപ്പറമ്പ് നിയോജക മണ്ഡലം എംഎൽഎ എം വി ഗോവിന്ദൻ മാസ്റ്റർ, മട്ടന്നൂർ നിയോജകമണ്ഡലം എംഎൽഎ കെ കെ ശൈലജ ടീച്ചർ, അഴീക്കോട് നിയോജകമണ്ഡലം എംഎൽഎ കെ വി സുമേഷ്, പയ്യന്നൂർ നിയോജകമണ്ഡലം എംഎൽഎ ടി എ മധുസൂദനൻ, ഇരിക്കൂർ നിയോജക മണ്ഡലം എംഎൽഎ സജീവ് ജോസഫ്, കല്യാശ്ശേരി നിയോജക മണ്ഡലം എംഎൽഎ എം വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ വിജയികൾക്ക് സമ്മാനദാനം നടത്തും.വൈകുന്നേരം 7 മണിയോടെ കായികമേള സമാപിക്കും.
Budsolybyasports







































