ഇന്ന് രാജ്യം എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഭരണഘടന നിലവിൽ വന്നതിന്‍റെ വാർഷികമാണ് രാജ്യം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. ഡൽഹി കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് പ്രസിഡന്റ് ദ്രൗപതി മുർമു നേതൃത്വം നൽകും. റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി യൂറോപ്പ്യൻ യൂണിയൻ നേതാക്കൾ പങ്കെടുക്കും.
ഒരു പരമാധികാര, ജനാധിപത്യ, മതേതര റിപ്പബ്ലിക്കിലേക്കുള്ള രാജ്യത്തിന്‍റെ പരിവർത്തനം അടയാളപ്പെടുത്തുന്ന ദിനമാണിന്ന്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ഭരണഘടനയുടെ ആഘോഷമാണ് റിപ്പബ്ലിക് ദിനം. ഡോ. ബി ആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലിയാണ് ഇന്ത്യൻ ഭരണഘടന തയാറാക്കിയത്. ജനാധിപത്യം നിലനിർത്തുന്നതിലും ദേശീയ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിലും സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി നിരന്തരം പരിശ്രമിക്കേണ്ടതിന്‍റെ ഓർമപ്പെടുത്തലാണ്ഈ ദിനം .
രാജ്യത്തിന്റെ വൈവിധ്യത്തിൽ ഏകത്വം ആഘോഷിക്കുന്നതിനുള്ള സമയം കൂടിയാണ് റിപ്പബ്ലിക് ദിനം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പാക് ഭീകരകേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരമായി സിന്ദൂർ ഫോർമേഷൻ എന്ന പേരിൽ പ്രത്യേക വിമാനങ്ങളുടെ അഭ്യാസപ്രകടനം ഡൽഹിയിൽ നടക്കും. റഫാൽ, സുഖോയ് പോർ വിമാനങ്ങൾ ആകാശത്ത് വിസ്മയം തീർക്കും. 29 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനങ്ങളുടെ ഭാഗമാകും. മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം ഇത്തവണ കേരളത്തിന്റെ നിശ്ചലദൃശ്യവും പരേഡിൽ ഉണ്ടാകും. മുഖ്യാതിഥികളായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഊർസുല വോൺ ഡെർ ലെയ്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഇത്തവണ റിപ്പബ്ലിക് ആഘോഷങ്ങളിൽ പങ്കെടുക്കും.
Delhi





































