കണ്ണൂർ : കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് 2023-24, 2024-25 അധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ടി.ടി.സി, ഐ.ടി.ഐ / ഐ.ടി.സി, പ്ലസ്ടു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണല്‍ കോഴ്സുകള്‍, വിവിധ ഡിപ്ലോമ കോഴ്സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും 50 ശതമാനം മാര്‍ക്ക് വാങ്ങിയിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ നിന്നും സൗജന്യമായി ലഭിക്കും.
പൂരിപ്പിച്ച അപേക്ഷാ ഫോറത്തോടൊപ്പം അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍, വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ സഹിതം ഫെബ്രുവരി മൂന്നിന് വൈകീട്ട് അഞ്ച് മണിക്കകം കോഴിക്കോട് മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ക്ക് അപേക്ഷ നല്‍കണം. പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട്‌മെന്റിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ മാത്രമേ ലാപ്‌ടോപ് വിതരണത്തിന് പരിഗണിക്കുകയുള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കോഴ്സ് കേരള ഗവ. അംഗീകൃതമാണെന്ന് സ്ഥാപന മേധാവി രേഖപ്പെടുത്തണം. ഒരു കോഴ്‌സിന് ഒരു പ്രാവശ്യം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ വീണ്ടും ആ കോഴ്‌സ് കാലയളവിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ അതാത് മേഖലാ ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍-കോഴിക്കോട് മേഖലാ ഓഫീസ്: 0495 2768094, 9745229580
Applynow




































