കണ്ണൂർ : ധർമ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പ്രത്യേക പരിഗണന ആവശ്യമായ വിദ്യാർത്ഥികൾക്കായി വിമാനയാത്രയും വിനോദസഞ്ചാരപരിപാടിയും സംഘടിപ്പിച്ചിരിക്കുമെന്ന് മാനേജിങ്ങ് ട്രസ്‌റ്റി കേണൽ പത്മനാഭൻ പ്രസ് ക്ലബിൽ അറിയിച്ചു. മട്ടന്നൂർ സമീപമുള്ള ചിറ്റാരിപ്പറമ്പ് ആശാ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.ഏപ്രിൽ 17-ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 10 ഭിന്ന ശേഷി വിദ്യാർത്ഥികൾ, 5 രക്ഷിതാക്കൾ, ഒരു അധ്യാപകൻ അടക്കം 16പേരാണ് തിരുവനന്തപുരത്തേക്ക് വിമാന യാത്ര ചെയ്യുക. തുടർന്ന് തിരുവനന്തപുരം നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി എ.സി. ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് നഗരത്തിൻ്റെ സാംസ്‌കാരികവും വിനോദപരവുമായ അനുഭവങ്ങൾ പരിചയപ്പെടുത്തുന്നതാണ് ലക്ഷ്യം. അന്നേ ദിവസം വൈകീട്ട് കണ്ണൂരിലേക്കുള്ള ട്രെയിൻ വഴി മടങ്ങും.
Flightraveling




































