ഇടുക്കി: നെടുങ്കണ്ടം ഇരട്ട കൊലപാതക കേസിൽ കുറ്റം സമ്മതിച്ച് പ്രതി സജി. അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചു മൂടിയെന്നാണ് പ്രതി സജി സമ്മതിച്ചത്.വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്. പിടികൂടുമ്പോൾ പ്രതി അവശ നിലയിലായിരുന്നു. സജിയുടെ ചോദ്യം ചെയ്യൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. സജി തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞതായി നാട്ടുകാരും വ്യക്തമാക്കിയിരുന്നു.
അതേസമയം പിതാവിൻ്റെ തിരോധാനവും അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരി സിനി രംഗത്തെത്തി. പിതാവിനെ പെട്ടെന്ന് ഒരുദിവസം കാണാതാവുകയായിരുന്നു. പലയിടങ്ങളിലും അന്വേഷിച്ചു, പക്ഷേ കണ്ടെത്താനായില്ല. എന്നാൽ ഈ അന്വേഷണങ്ങളിലൊന്നും സഹോദരൻ സജി പങ്കാളിയായില്ല. പിതാവും സജിയും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു.സ്ഥിരമായി മദ്യപിച്ച് വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്നും സഹോദരി ആരോപിച്ചു. പിതാവിനെ സജി അപായപ്പെടുത്തിയതാണോയെന്ന് സംശയമുണ്ടെന്നും സിനി പറഞ്ഞു. വീട്ടിലെ സാധനങ്ങൾ സജി വിൽക്കാൻ ആരംഭിച്ചതോടെ സംശയം തോന്നിയ സഹോദരിയും നാട്ടുകാരും പൊലീസിൽ പരാതി നൽക്കുകയായിരുന്നു.പ്രാഥമിക അന്വേഷണത്തിന് പൊലീസ് വീട്ടിലെത്തിയപ്പോൾ സജി അവിടെ ഉണ്ടായിരുന്നു. എന്നാൽ ചോദ്യങ്ങൾക്കുള്ള അയാളുടെ മറുപടിയിൽ പൊലീസിന് സംശയം തോന്നി. വൈകിട്ട് വീണ്ടും പൊലീസ് വീട്ടിലെത്തിയപ്പോൾ സജി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
അമ്മയുടെയും പിതാവിൻ്റെയും സഹോദരൻ റെജിയുടെ തിരോധാനത്തിൽ ഇളയ സഹോദരൻ സജിക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് സഹോദരി പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. വീട്ടിൽ കൃഷി ചെയ്തിരുന്ന കുരുമുളക്, ഏലം എന്നിവ ചന്തയിൽ കൊണ്ടുപോയി വിൽപ്പന നടത്തിയിരുന്നത് മൂത്ത സഹോദരൻ റെജിയായിരുന്നു. എന്നാൽ കുറച്ച് നാളായി സജിയാണ് വിൽപ്പന നടത്തുന്നത്. ഇതേക്കുറിച്ചുള്ള നാട്ടുകാരുടെ സംശയത്തിന് സഹോദരൻ ചികിത്സയിലാണെന്നും അമ്മ സഹോദരിയുടെ വീട്ടിലാണെന്നും പറഞ്ഞതായാണ് വിവരം.ഈ മാസം രണ്ട് മുതൽ മേരിക്കുട്ടിയെയും മകൻ റെജിയെയും കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത് ഇന്നലെയാണ് . പരാതി പ്രകാരം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനയും ചോദ്യം ചെയ്യലും നടത്തിയിരുന്നു. അന്വേഷണത്തിൽ തന്നെ പൊലീസിന് ദുരൂഹത തോന്നിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യൻ്റേതിന് സാമ്യം തോന്നുന്ന ശരീരഭാഗങ്ങൾ വീടിൻ്റെ പരിസരത്ത് നിന്ന് കണ്ടെത്തിയത്. കാൽ ഉൾപ്പടെയുള്ള ഭാഗങ്ങൾ കണ്ടെത്തി.
Nedumkandammurder
















.jpeg)
.jpeg)



















