കേളകം: വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായി ചീങ്കണ്ണി പുഴയിലെ തുരുത്തുകളിൽ വിസ്ത ക്ലിയറൻസ് നടത്തി. കേരള വനം വകുപ്പ്, കേളകം പഞ്ചായത്ത്, നാട്ടുകാർ എന്നിവർ ചേർന്നാണ് കാട് വെട്ടിത്തെളിക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
പൂക്കുണ്ട് ഉന്നതിക്ക് സമീപമുള്ള പാലത്തിങ്കൽ പടിയിലാണ് വിസ്ത ക്ലിയറൻസ് ആരംഭിച്ചത്. നിരവധി നാട്ടുകാർ മെഷീൻ വാളുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായി പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കാട്ടാനകൾ പതുങ്ങി നിൽക്കാൻ സാധ്യതയുള്ള ആറ്റുവഞ്ചിക്കൂട്ടങ്ങൾ, മരക്കൂട്ടങ്ങൾ, അടിക്കാടുകൾ എന്നിവയാണ് പ്രധാനമായും വെട്ടിത്തെളിച്ചത്.
പലതവണ ഈ കാടുകളിൽ കാട്ടാനയും മറ്റ് വന്യമൃഗങ്ങളും പതിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. പുഴയിൽ കുളിക്കാൻ എത്തുന്നവർക്കും സമീപ പ്രദേശങ്ങളിലെ നാട്ടുകാർക്കും ഇത് വലിയ ഭീഷണിയായി മാറിയിരുന്നു. ഇതിനെ തുടർന്നാണ് കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്തും വനം വകുപ്പും തീരുമാനിച്ചത്.
മഴക്കാലത്ത് പുഴയുടെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാനും, വെള്ളം ഗതിമാറി ആനമതിലിന്റെ ഭാഗത്തേക്ക് ഒഴുകുന്ന സാഹചര്യം ഒഴിവാക്കാനും ഈ നടപടിയിലൂടെ സാധിക്കുമെന്ന് നാട്ടുകാരനായ ടോമി ചാത്തൻപാറ പറഞ്ഞു. ഏറെ നാളുകളായി നാട്ടുകാർ ഉന്നയിച്ച ആവശ്യത്തിനാണ് ഇപ്പോൾ തുടക്കമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് ആദ്യഘട്ട പ്രവർത്തനമാണെന്നും, മറ്റ് പ്രദേശങ്ങളിലേക്കും വിസ്ത ക്ലിയറൻസ് വ്യാപിപ്പിക്കുമെന്നും അറിയിച്ചു.
വനത്തിൽ നിന്ന് ഏകദേശം 200 മീറ്റർ ദൂരപരിധിക്കുള്ളിൽ കാടുകൾ തെളിയിക്കുന്നതിലൂടെ വന്യമൃഗങ്ങളുടെ സാന്നിധ്യം ദൂരെ നിന്നുതന്നെ തിരിച്ചറിയാൻ സാധിക്കുമെന്നതാണ് വിസ്ത ക്ലിയറൻസിന്റെ പ്രധാന പ്രത്യേകത. പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിജു ചാക്കോ അധ്യക്ഷനായിരുന്നു. ആറളം വൈൽഡ് ലൈഫ് അസിസ്റ്റൻറ് വാർഡൻ രമ്യ രാഘവൻ പദ്ധതി വിശദീകരണം നടത്തി. കൊട്ടിയൂർ റേഞ്ച് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രമോദ് കുമാർ, ഫോറസ്റ്റ് ഓഫീസർ പ്രജീഷ് തുടങ്ങി വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും സന്നിഹിതരായിരുന്നു
Kelakom




.jpeg)
.jpeg)
.jpeg)



.jpeg)
.jpeg)
.jpeg)



.jpeg)





















