കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവം ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപേ കർണാടകയിൽ നിന്ന് കൊട്ടിയൂരിലേക്ക് ഭക്തജനങ്ങളുടെ വൻ ഒഴുക്ക്. ഉത്സവത്തിന്റെ കൃത്യമായ തീയതികളെയും ചടങ്ങുകളെയും കുറിച്ച് കൃത്യമായ ധാരണയില്ലാതെയാണ് ഇവരിൽ ഭൂരിഭാഗവും ഇവിടെയെത്തിച്ചേർന്നത്. ഇത്തവണയും ഉത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രധാന ചടങ്ങുകൾ തുടങ്ങി എന്ന തെറ്റായ ധാരണയിൽ നിരവധി കർണാടക സ്വദേശികളാണ് നീരെഴുന്നള്ളത്ത് നാളിൽ കൊട്ടിയൂരിൽ എത്തിയത്. ചിലർ അക്കരെ സന്നിധാനത്തേക്ക് കടക്കാനുള്ള ശ്രമവും നടത്തിയിരുന്നു. അക്കരെ കൊട്ടിയൂരിലെ താൽക്കാലിക നിർമ്മാണ പ്രവർത്തനങ്ങളും ഒരുക്കങ്ങളും പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഇവർ എത്തുന്നതിനാൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്ക് ഉത്സവ നാളുകളെ കുറിച്ചുള്ള കൃത്യമായ ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് കർണാടകയിൽ നിന്ന് എത്തിയവർ പറഞ്ഞു. കഴിഞ്ഞവർഷവും സമാനമായ രീതിയിൽ ഉത്സവത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ കർണാടകയിൽ നിന്നും വലിയൊരു ജനക്കൂട്ടം കൊട്ടിയൂരിൽ എത്തിച്ചേർന്നിരുന്നു. കാലാവസ്ഥയെ അവഗണിച്ചും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഉണ്ടായിട്ടും ദിവസങ്ങളോളം അവർക്ക് അവിടെ തങ്ങേണ്ടി വന്നു തങ്ങളുടെ പ്രിയപ്പെട്ട ദൈവത്തെ ദർശിക്കാൻ എത്തിയ ഇവർക്ക് കൃത്യമായ വിവരങ്ങൾ നൽകാൻ അന്ന് മതിയായ സംവിധാനം ഉണ്ടായിരുന്നില്ല ഇത് കാരണം കഴിഞ്ഞതവണ വസ്ത്രം മാറാനോ വിശ്രമിക്കാനോ പോലും കൃത്യമായ ഇടങ്ങൾ ലഭിക്കാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തർ ഏറെ പ്രയാസപ്പെട്ടിരുന്നു ഈ അനുഭവം മുൻനിർത്തി ഇത്തവണ വിപുലമായ സംവിധാനങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. കർണാടക ഭക്തർക്കായി പ്രത്യേക ഭാഷ ബോധവൽക്കരണ ബോർഡുകളും കൃത്യമായ ഉത്സവ കലണ്ടർ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
Kottiyoorulsav





































