കൊച്ചി: സംസ്ഥാന ബജറ്റില്‍ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഭാവി കേരളം രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ബജറ്റില്‍ ഇല്ല. കേരളം സാമ്പത്തികമായി അപകടാവസ്ഥയിലല്ല. വരവില്‍ ഉണ്ടാകുന്ന വര്‍ധനവ് മറച്ചുവച്ച് ബാധ്യതകളെ പെരുപ്പിച്ച് കാണിക്കുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു. നേരത്തെയുള്ള പല പ്രഖ്യാപനങ്ങളും പേരും മാറ്റി പുതിയ പേരില്‍ അവതരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.കേരളം സാമ്പത്തികമായി വല്ലാത്ത അപകടത്തില്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനു വേണ്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ ധവളപത്രം ഇറക്കിയത്. ബജറ്റിന്റെ തുടക്കത്തിലും ഇക്കാര്യം തന്നെ ആവര്‍ത്തിക്കുന്നു. ബജറ്റിലെ ആകെ അലോക്കേഷന്‍ പരിശോധിച്ചാല്‍ കേരളത്തിലെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയില്‍ അല്ല എന്ന ചിത്രം ലഭിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.കേരളം സാമ്പത്തികമായി അപകടാവസ്ഥ എന്ന വാദത്തെ നിരാകരിക്കുന്നു. യുഡിഎഫിന്റെ രാഷ്ട്രീയ ആക്ഷേപമാണെന്ന് സമ്മതിക്കുന്നു. 6000 കോടി രൂപ നീക്കിയിരിപ്പോട് കൂടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങിയതെന്ന് പിണറായി വിജയന്‍ പറഞ്ഞു. സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ബജറ്റില്‍ ജനക്ഷേമത്തിനും നാടിന്റെ വികസനത്തിനും ഒന്നുമുണ്ടായില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. പരമ്പരാഗത വ്യവസായ മേഖലയില്‍ അടക്കം നേരത്തെയുള്ള വിഹിതം വെട്ടി കുറച്ചിരിക്കുന്നു. റബ്ബര്‍, നാളികേരം, നെല്ല് തുടങ്ങി കാര്‍ഷിക മേഖലകളില്‍ ഒരാശ്വാസം നടപടിയും ഈ ബജറ്റില്‍ ഇല്ല. കാര്‍ഷിക മേഖലയെ ഏതൊക്കെ തരത്തില്‍ ബാധിക്കും എന്ന ആശങ്ക ഉയര്‍ത്തുന്നുവെന്ന് അദേഹം പറഞ്ഞു.കേന്ദ്രസര്‍ക്കാറിന്റെ നിലപാട്, അതുമൂലം ഉണ്ടാകുന്ന ധനനഷ്ടം, അത് ഈ ബജറ്റ് അഭിസംബോധന ചെയ്യുന്നില്ലെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു. ഇതൊക്കെ കണ്ടില്ലെന്ന് നടിക്കലാണ്. കണ്ടില്ലെന്ന് നടിക്കലിലെ രാഷ്ട്രീയം ശ്രദ്ധിക്കണം. മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ബജറ്റ് ശ്രമിക്കുന്നതും ഇതേ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാട്ടുന്നു. നവകേരള സ്വപ്നം കയ്യൊഴിയുന്ന പ്രവണതയാണ് ബജറ്റില്‍ കാണുന്നത്. ക്ഷേമം, വികസനം എന്നിങ്ങനെ ദ്വിമുഖ സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ ദ്വിമുഖ സമീപനം പൂര്‍ണമായി കയ്യൊഴിയുന്ന ബജറ്റാണ് ഇന്ന് യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു.
Content Highlight: Pinarayvijayan






































