തിരുവനന്തപുരം : പിഎം ശ്രീയില്‍ രാഷ്ട്രീയ വിവാദം തുടരുന്നു. പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ മുഖമുദ്രയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. വിവാദം തുടരുമ്പോഴും പദ്ധതിയില്‍ നിന്നുള്ള പിന്നോട്ട്‌പോക്ക് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.യുഡിഎഫ് സര്‍ക്കാരിനെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കിയ പിഎം ശ്രീ പദ്ധതിയില്‍ ഇപ്പോഴും വിവാദം തുടരുന്നു. പദ്ധതിയെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോരും ഇറങ്ങിപ്പോക്കും അരങ്ങേറിയത് കഴിഞ്ഞ ദിവസം. പിന്നാലെ വീണ്ടും,പദ്ധതിയെ കുറിച്ചുള്ള യുഡിഎഫ് നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. പി എം ശ്രീ പദ്ധതി നടപ്പിലാക്കിയാല്‍ അതിന്റെ ഭാഗമായ 2020 ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോയെന്ന് യുഡിഫ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് രംഗത്തെത്തി.എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട പിഎം ശ്രീ പദ്ധതിയുടെ ജാള്യത മറക്കാനാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നാണ് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്റെ പ്രതികരണം.മന്ത്രിസഭയെയും മുന്നണിയെയും അറിയിക്കാതെ പി എം ശ്രീ ധാരണ പത്രത്തില്‍ ഒപ്പുവെച്ചത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണെന്ന് ആരോപിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്നോട്ട് പോകുമെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഇതായുധമാക്കുന്ന പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കി രംഗത്തെത്തുകയാണ്.
Content Highlight: Vsivankuttypmshree






































