തൃശ്ശൂര്‍: പുതുക്കാട്ടെ നവജാത ശിശുക്കളെ കൊന്ന് കുഴിച്ചു മൂടിയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരിഞ്ഞാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കുട്ടികളുടെ അമ്മയായ അനീഷയെ വിയ്യൂരിലേക്കും ഭവിനെ ഇരിഞ്ഞാലക്കുട സബ് ജയിലിലേക്കും മാറ്റും.
സംഭവത്തിൽ കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ പൊലീസ് ഇന്ന് കണ്ടെത്തിയിരുന്നു. കുഴി തുറന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചാലക്കുടി ഡിവൈഎസ്പി അറിയിച്ചു. രണ്ട് നവജാത ശിശുക്കളെയും കൊന്നത് അമ്മ അനീഷ ആണെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

2021 നവംബറിന്‍ ആറിന് പ്രസവ ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം മൃതദേഹം വീടിന്‍റെ ഇടത് വശത്ത് മാവിന്‍റെ ചുവട്ടില്‍ കുഴിച്ചിട്ടെന്നായിരുന്നു പ്രതിയായ അനീഷയുടെ മൊഴി. ഒരടി താഴ്ചയില്‍ കുഴിച്ചപ്പോള്‍ തന്നെ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടി. രണ്ട് മണിക്കൂര്‍ കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി
പരിശോധനാസംഘം ആമ്പല്ലൂരിലെ ഭവിന്‍റെയും വീട്ടിലെത്തി. വീടിന് പിന്നിലുള്ള വെള്ളം നിറഞ്ഞു കിടന്ന ചാലില്‍ വെള്ളം വറ്റിച്ച് പരിശോധന നടത്തിയെങ്കിലും ആദ്യം അവശിഷ്ടങ്ങള്‍ കിട്ടിയില്ല. പിന്നാലെ ഭവിനെ വീട്ടിലെത്തിച്ച് വ്യക്തത വരുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ കൊല്ലം ഓഗസ്റ്റ് 29 നായിരുന്നു രണ്ടാമത്തെ പ്രസവം. കുഞ്ഞിനെ അനീഷ ശ്വാസം മുട്ടിച്ചു കൊന്നശേഷം ബാത്ത് റൂമില്‍ സൂക്ഷിച്ചു, തൊട്ടടുത്ത ദിവസം ബാഗിലാക്കി ഭവിനെ ഏല്‍പ്പിക്കുകയായിരുന്നു. ഭവിനാണ് രണ്ടാമത്തെ ജഡം കുഴിച്ചിട്ടത്. കര്‍മ്മങ്ങള്‍ ചെയ്യാന്‍ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിമാന്തിയെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് ഭവിന്‍ മൃതദേഹാവശിഷ്ടങ്ങളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം തുറന്ന് പറഞ്ഞത്. കേസില്‍ കൂടുതല്‍ ആളുകളുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Thrissur