കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ച സംഭവത്തിൽ, രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം. കെട്ടിടം ഉപയോഗിക്കുന്നില്ലെന്ന മന്ത്രിമാരുടെ വാദം തെറ്റാണെന്ന വിവരമാണ് പുറത്തുവരുന്നത്. മന്ത്രിമാരായ വീണ ജോർജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോഗികളുടെ പ്രതികരണം. ഉപയോഗ ശൂന്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞ കെട്ടിടം ഉപയോഗിച്ചിരുന്നു എന്ന് രോഗികൾ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തെ ലഘൂകരിച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ പ്രതികരണം. രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്.
അപകടസമയത്ത് കെട്ടിടത്തിൽ നിന്ന് രോഗികൾ പരിഭ്രാന്തരായി ഓടിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ചികിത്സയിൽ കഴിയുന്ന മകൾക്കൊപ്പം കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ബിന്ദു. തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. ബിന്ദുവിനെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു. കുളിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം.

Kottayammedicalcollege