കൊട്ടിയൂർ: വൈശാഖ മഹോത്സവം പരിസമാപ്തിയിലേക്ക്. അത്തം ദിനത്തിലെ വാളശ്ശൻമാരുടെ വാളാട്ടവും കുടിപതികളുടെ തേങ്ങയേറും നടന്നു. നാളെയാണ് തൃക്കലശാട്ട്. നാളെ സ്വായംഭൂവിൽ ആടാനുള്ള കളഭക്കൂട്ടിന് ആവശ്യമായ കുകുമം, ചന്ദനമുട്ടികൾ, കസ്തൂരി തുടങ്ങിയ സാധനങ്ങൾ സാമൂതിരി കോവിലകത്തുനിന്നും സന്നിധാനത്ത് എത്തിച്ചേർന്ന തോടെയായിരുന്നു അത്തം നാളിലെ പൊന്നിൻ ശീവേലി ആരംഭിച്ചത്. ശീവേലിക്കിടയിൽ മണത്തണ ചപ്പാരം ക്ഷേത്രത്തിലെ വാളുകളുമായി വാളശ്ശൻമാർ തിരുവഞ്ചിറയിലേക്ക് ഇറങ്ങിവന്ന് ദേവന്റെയും ദേവിയുടെയും തിടമ്പുകൾക്ക് അഭിമുഖമായി നിന്ന് വാളാട്ടം നടത്തി. തുടർന്ന് ശീവേലി പൂർത്തിയാക്കി. ഈവർഷത്തെ അവസാനത്തെ ശീവേലിയായിരുന്നു ഇത്.
വാളാട്ടവും പൊന്നിൻ ശീവേലിയും കഴിഞ്ഞതോടെ കുടിപതികളുടെ തേങ്ങയേറ് നടന്നു. ഭണ്ഡാരങ്ങളും തിരുവാഭരണങ്ങളും മണത്തണ ഗോപുരത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കാൻ നിയുക്തരായ കുടിപതികളാണ് തേങ്ങയേറ് നടത്തുന്നത്. തുടർന്ന് അത്തം ചതുശ്ശതം പെരുമാൾക്ക് സമർപ്പിച്ചു. പന്തീരടി നിവേദ്യത്തിന് മുൻപായി മതവിലാസം കൂത്തിന്റെ പുറപ്പാട് നിർവഹിച്ച് ചാക്യാർ ഈവർഷത്തെ കൂത്തിന്റെ അനുഷ്ടാനം പൂർത്തിയാക്കി. വൈകുന്നേരത്തെ ആയിരംകുടം അഭിഷേകവും ഒരു നവകത്തോടെയുള്ള പൂജയും കഴിഞ്ഞതോടെ ഈ വർഷത്തെ നിത്യനിദാനങ്ങൾ പൂർത്തിയായി. രാത്രിയോടെ കലശമണ്ഡപത്തിൽ കലശ പൂജ നടക്കും. നാളെ ചിത്തിരനാളിൽ മണിത്തറയിൽ തൃക്കലശാട്ട് നടക്കുന്നതോടെ ഈ വർഷത്തെ വൈശാഖമഹോത്സവത്തിന് പരിസമാപ്തിയാകും.
kottiyoor vaalattam