തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിൻ്റെ എതിർപ്പിന് പുല്ലുവില കൽപ്പിച്ച് നിയമസഭയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനോട് കൂട്ടുകൂടി ലീഗ് എംഎൽഎമാർ. നജീബ് കാന്തപുരവും എ.കെ.എം അഷ്റഫും യു.എ. ലത്തീഫും ടി.വി. ഇബ്രാഹിമും രാഹുലിനോട് സംസാരിച്ചു. രാഹുലിൻ്റെ സീറ്റിലെത്തി കൈകൊടുത്താണ് ലീഗ് എംഎൽഎമാർ രാഹുലിനോട് കുശലം പറഞ്ഞത്. അതേസമയം സഭാ വേളയിൽ കോൺഗ്രസ് എംഎൽഎമാർ രാഹുൽ മാങ്കൂട്ടത്തിലിനെ അവഗണിച്ചു.
യൂത്ത് കോൺഗ്രസിൻ്റെ പിന്തുണയോടെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് സഭയിലെത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ നേമം ഷെജീറിനൊപ്പമാണ് രാഹുലെത്തിയത്. വ്യാജ ഐഡി കാർഡ് കേസ് പ്രതി ഫെനി നൈനാനും രാഹുലിനൊപ്പമുണ്ടായിരുന്നു. ഒരു മണിക്കൂർ പതിനാല് മിനിറ്റാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ ചെലവിട്ടത്. 9.17ന് സഭയിലെത്തിയ മാങ്കൂട്ടത്തിൽ തിരിച്ചിറങ്ങിയത് 10.31നാണ്. പ്രതിപക്ഷ നിരയിൽ നിന്ന് കുറിപ്പ് കിട്ടിയതോടെയാണ് മാങ്കൂട്ടത്തിൽ സഭ വിട്ടത്. വന്നപ്പോഴും പോയപ്പോഴും മാധ്യമങ്ങളോട് മൗനം പാലിക്കുകയായിരുന്നു രാഹുൽ. നിലവിൽ എംഎൽഎ ഹോസ്റ്റലിലാണ് രാഹുലുള്ളത്.

അതേസമയം, വി.ഡി.സതീശനെ ധിക്കരിച്ച് സഭയിൽ എത്തിയിട്ടും രാഹുലിനെ തള്ളിപ്പറയാൻ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് തയ്യാറായില്ല. രാഹുൽ എംഎൽഎ ആയതിനാലാണ് നിയമസഭയിൽ ഹാജരായതെന്നായിരുന്നു മാധ്യമങ്ങളോടുള്ള കെപിസിസി പ്രസിഡൻ്റിൻ്റെ പ്രതികരണം. പാർട്ടി പുറത്താക്കിയ ഒരാളോട് സംസാരിക്കാതിരിക്കാൻ ഇത് മാർക്സിസ്റ്റ് പാർട്ടിയല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
എന്നാൽ പാർട്ടിക്ക് പുറത്തായ ആളെപ്പറ്റി പാർട്ടി പ്രതികരിക്കേണ്ടതില്ല എന്ന് നിലപാടാണ് കെ. മുരളീധരനും കൊടിക്കുന്നിൽ സുരേഷും സ്വീകരിച്ചത്. രാഹുൽ സഭയിൽ എത്തിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതികരിക്കേണ്ട ആവശ്യമില്ല. പാർട്ടിയിൽ നിന്ന് നേരത്തെ പുറത്ത് ആക്കിയതാണ്. ഇതെ കുറിച്ച് പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. വി.ഡി. സതീശന്റെ നിലപാടിനെ ധിക്കരിച്ചുള്ള രാഹുലിന്റെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചർച്ച ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും പറഞ്ഞു.
അതേസമയം കോൺഗ്രസിൽ പുതിയ പോരിന് വഴിതുറന്നിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നിയമസഭാ എൻട്രി. പ്രതിപക്ഷ നേതാവിനെ ധിക്കരിച്ചുള്ള നിർണായക നീക്കം കെപിസിസി അധ്യക്ഷനുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ്. കെപിസിസിയുടെ അതിനിർണായക നേതൃയോഗം അൽപസമയത്തിനകം ചേരും. മാങ്കൂട്ടത്തിലിന് എതിരെ യോഗത്തിൽ ആഞ്ഞടിക്കാനാണ് വിഡി സതീശൻ്റെ തീരുമാനം.
Rahulmangoottathil