കണ്ണൂർ: വിളക്കിലൊഴിക്കാൻ മണ്ണെണ്ണയ്ക്ക് വേണ്ടിയുള്ള പെർമിറ്റിന് അപേക്ഷിക്കാനുള്ള സാക്ഷ്യപത്രത്തിന് ചെന്ന ഷീലയുടെ വീട്ടിലേക്കെത്തിയത് മനവും വീടും നിറയുന്ന വൈദ്യുതിവെളിച്ചം. വൈദ്യുതീകരിക്കാത്ത വീടാണെന്ന സാക്ഷ്യപത്രത്തിന് വേണ്ടിയാണ് കണ്ണൂർ ജില്ലയിലെ ഇരിവേരി പുലിദേവക്ഷേത്രത്തിന് സമീപത്തെ 'ശ്രീനിലയ'ത്തിൽ വി.വി.ഷീല പെരളശ്ശേരി വൈദ്യുതി ബോർഡ് സെക്ഷൻ ഓഫീസിലെത്തിയത്. വീട് ഇതുവരെ എന്തുകൊണ്ട് വൈദ്യുതീകരിച്ചില്ലെന്ന അസി. എൻജിനീയർ സി.ഷാജി ആരാഞ്ഞു. ലൈഫ് ഭവനപദ്ധതിയിൽ പണിതുകിട്ടിയ വീട്ടിൽ വയറിങ് നടത്താൻ പണമില്ലെന്ന് ഷീല.
പിന്നെ കാര്യങ്ങളെല്ലാം വേഗത്തിലായിരുന്നു. ഷാജിയുടെയും സബ് എൻജിനീയർ ഒ.ആദിത്യന്റെയും ഓവർസിയർ കെ.പി.രമേശന്റെയും നേതൃത്വത്തിൽ സെക്ഷനിലെ ജീവനക്കാർ വയറിങ്ങിന് ആവശ്യമായ സാധനങ്ങൾ സ്വന്തംനിലയ്ക്ക് വാങ്ങി. വൈദ്യുതീകരണ ജോലികൾ വേഗം പൂർത്തിയാക്കി. വീട്ടിൽ വൈദ്യുതിവിളക്കിന്റെ സ്വിച്ചോൺ കർമം നടന്നു. വർഷങ്ങളായി ൈവദ്യുതിവെളിച്ചത്തിന് കാത്തിരുന്ന ഞങ്ങൾക്ക് കിട്ടിയ ഓണസമ്മാനമാണിതെന്ന് ഷീലയും ഭർത്താവ് ശ്രീകുമാറും നിറഞ്ഞ ചിരിയോടെ പറഞ്ഞു. മൺകട്ടകൊണ്ട് നിർമിച്ച കൊച്ചുവീട്ടിലായിരുന്നു ഷീലയും ശ്രീകുമാറും താമസിച്ചിരുന്നത്. കാലപ്പഴക്കത്താൽ ആ വീട് താമസയോഗ്യമല്ലാതായി. 2022-ലാണ് ഇവർ ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിൽ താമസം തുടങ്ങിയത്. സാമ്പത്തിക പരാധീനത കാരണം വീട് വൈദ്യുതീകരിക്കാൻ കഴിഞ്ഞിരുന്നില്ല. കൂലിപ്പണിക്കാരനായ ശ്രീകുമാറിന് ജോലിയും കുറവായിരുന്നു. കുടകിലും മറ്റും തേപ്പുപണിക്ക് പോയി ജീവിതം മുന്നോട്ട് കൊണ്ടുപോയെങ്കിലും വൈദ്യുതീകരണം നീണ്ടു. വല്ലപ്പോഴും കിട്ടുന്ന അരലിറ്റർ മണ്ണെണ്ണ വിളക്ക് കത്തിക്കാനും തികയാതായി.അങ്ങനെയാണ് പെർമിറ്റിന് അപേക്ഷിക്കാൻ വൈദ്യുതി ഓഫീസിൽ ചെന്നത്.

kannur