പാലക്കാട് : കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസുകാരൻ അർജുൻ്റെ ആത്മഹത്യയിൽ അധ്യാപികയ്ക്കെതിരെ കൂടുതൽ ആരോപണവുമായി കുടുംബം. അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ചിരുന്നെന്ന് അർജുൻ്റെ പിതാവ് ബി ജയകൃഷ്ണൻ പറഞ്ഞു. അർജുനെ അധ്യാപിക മർദിച്ച് മുറിവേറ്റതിന് തെളിവുണ്ടെന്നും കുടുംബം പറയുന്നു. ക്ലാസിലെ മറ്റു കുട്ടികളെ അധ്യാപിക സ്വാധീനിക്കാൻ ശ്രമിക്കുന്നെന്ന് ക്ലാസിലെ വിദ്യാർഥിയുടെ ശബ്ദ സംഭാഷണം പുറത്ത് വിട്ട് കുടുംബം ആരോപിച്ചു.
പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുനാണ് വീട്ടിൽ ആത്മഹത്യ ചെയ്തത് . സ്കൂൾ വിട്ട് വന്നയുടൻ യൂണിഫോമിൽ തന്നെ തൂങ്ങി മരിക്കുകയായിരുന്നു. പിന്നാലെ അർജുൻ പഠിക്കുന്ന കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബവും വിദ്യാർഥികളും രംഗത്ത് എത്തി . ഇൻസ്റ്റാഗ്രാമിൽ കുട്ടികൾ അയച്ച മെസ്സേജിനെ തുടർന്ന് , സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചിരുന്നു.

പിന്നാലെ കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്ററെയും ആരോപണവിധേയയായ അധ്യാപികയെയും സ്കൂൾ മാനേജ്‌മെന്റ് സസ്പെൻസ് ചെയ്തിരുന്നു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നായിരുന്നു നടപടി.
അതേസമയം പാലക്കാട് എച്ച് എസ് എസ് കണ്ണാടിയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ അന്വേഷണ വിധേയമായി നടപടികൾ കൈക്കൊള്ളുവാൻ സ്കൂൾ മാനേജർക്ക് നിർദേശം നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു.
Arjunsfamily