തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. അറസ്റ്റിലായ ലോറി ഡ്രൈവര്‍ തന്നെയാണ് പ്രതി. തമിഴ്‌നാട് മധുര സ്വദേശിയായ ബെഞ്ചമിനെയാണ് പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. ഇന്ന് നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം നടത്തുന്നതിനായാണ് ഇയാള്‍ പെണ്‍കുട്ടി താമസിച്ചിരുന്ന ഹോസ്റ്റലില്‍ എത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രദേശത്തെ മറ്റ് വീടുകളില്‍ പ്രതി മോഷണത്തിനായി കയറുന്ന CCTV ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു.
ഇയാള്‍ സ്ഥിരം ക്രിമിനല്‍ എന്നാണ് പൊലീസ് പറയുന്നത്. തമിഴ്‌നാട്ടില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ സ്ഥിരം രീതിയെന്നും പൊലീസ്.

പ്രതിയെ ഇന്ന് കഴക്കൂട്ടത്തെ ഹോസ്റ്റലിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.ഇന്നലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മോഷണശ്രമത്തിനിടെയാണ് പീഡനം നടത്തെന്ന് പ്രതി സമ്മതിക്കുകയും ചെയ്തിരുന്നു. കൃത്യം നടത്തിയതിന് ശേഷം ഇയാള്‍ ആറ്റിങ്ങലിലേക്ക് പോയതായും അവിടെ നിന്ന് മധുരയിലേക്ക് കടക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സ്റ്റേഷനിലെ മറ്റ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ കഴക്കൂട്ടത്തെ സ്വകാര്യ ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി പ്രതിരോധിച്ചു ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഹോസ്റ്റല്‍ പരിസരം കേന്ദ്രീകരിച്ച് നടത്തിയ സിസിടിവി പരിശോധനയില്‍ പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിരുന്നു. കഴക്കൂട്ടം എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
Kazhakootam