മണത്തണ : ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ മണത്തണ പൈതൃക ഫോറത്തിന്റെ (എംപിഎഫ്) നേതൃത്വത്തിൽ ദീപാവലി ആഘോഷം നടന്നു. പൈതൃക ഫോറം അംഗങ്ങളും, കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്നാണ് ദീപാവലി ആഘോഷിച്ചത്. സന്ധ്യയോടെ ക്ഷേത്രപരിസരത്ത് ദീപസമർപ്പണം നടന്നു. ക്ഷേത്രത്തിനകത്തെ വിളക്കിൽ നിന്നും കൊളുത്തിയ അഗ്നി ഉപയോഗിച്ചാണ് ക്ഷേത്ര പരിസരത്ത് സജ്ജമാക്കിയ വിളക്കുകളിൽ ദീപം തെളിയിച്ചത്. തുടർന്ന് മാതൃസമിതി അംഗങ്ങൾ ചേർന്ന് തിരുവാതിര അവതരിപ്പിച്ചു. ക്ഷേത്രത്തിൽ ഒത്തുചേർന്ന എല്ലാവരും ചേർന്ന് പടക്കങ്ങൾ പൊട്ടിച്ചും നിലാത്തിരികളും പൂത്തിരികളും കത്തിച്ചും നടത്തിയ ദീപാവലി ആഘോഷം പങ്കെടുത്തവർക്കൊക്കെ പുത്തൻ അനുഭവമായി. എംപിഎഫ് ചെയർമാൻ കൈലാസനാഥൻ, സെക്രട്ടറി ബിന്ദു സോമൻ എന്നിവർ സംസാരിച്ചു. ക്ഷേത്രത്തിൽ എത്തിയവർക്ക് മധുരം നൽകിയാണ് ആഘോഷം അവസാനിപ്പിച്ചത്. സാംസ്‌കാരിക ഗ്രാമമായ മണത്തണയുടെ നഷ്ടപ്പെട്ടുപോയ സാംസ്‌കാരിക പൈതൃകം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ സംഘടനയാണ് എംപിഎഫ്.
MPF Deepavali Celebration in Manathana