തിരുവനന്തപുരം : സംസ്ഥാന സിനിമാ അവാർഡുകൾ ഈ മാസം 31ന് പ്രഖ്യാപിക്കും. 36 സിനിമകളാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനയിൽ വന്ന 36 സിനിമകളുടെ അവസാന ഘട്ട സ്ക്രീനിംഗാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറി കമ്മിറ്റിയാണ് അവസാന ഘട്ട സ്ക്രീനിംഗിൽ സിനിമകൾ വിലയിരുത്തുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ, അംഅ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങളും മികച്ച ചിത്ര പുരസ്കാരത്തിനായി പരിഗണിക്കുന്ന ചിത്രങ്ങളുടെ അവസാന പട്ടികയിലുണ്ട്.
നടൻ മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിച്ച ബറോസ്, മോഹൻലാൽ – ലിജോ ജോസ് പെല്ലിശേരി ചിത്രം മലാക്കോട്ടെ വാലിബൻ തുടങ്ങിയ ചിത്രങ്ങളും അവസാന റൗണ്ടിൽ എത്തിയിട്ടുണ്ട്. ബറോസിലൂടെ മോഹൻലാൽ നവാഗത സംവിധായകനുള്ള സാധ്യത ഏറെയാണ്. ദേശീയ ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിന് മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിക്കാനിടയുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
2024 ലെ മികച്ച ചിത്രങ്ങൾക്ക് ഉള്ള അവാർഡാണ് പ്രഖ്യാപിക്കാനുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ അവാർഡ് പ്രഖ്യാപനം വൈകും. ചലച്ചിത്ര നയരൂപീകരണത്തിനായി സംസ്ഥാന സർക്കാർ സിനിമാ കോൺക്ലേവ് സംഘടിപ്പിച്ചതിനാൽ ഇത്തവണ സംസ്ഥാന അവാർഡ് പ്രഖ്യാപനം വൈകുകയായിരുന്നു. 128 സിനിമകളാണ് ഇത്തവണ അവാർഡ് കമ്മിറ്റിക്ക് മുന്നിൽ എത്തിയത്. രണ്ട് കമ്മിറ്റികളാണ് ആദ്യഘട്ടത്തിൽ സിനിമകൾ തിരഞ്ഞെടുത്തത്.
ദേശീയ, അന്തർദേശീയ ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമായ ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രത്തിനുള്ള പരിഗണനയിൽ അവസാന ഘട്ടത്തിലെത്തി നിൽക്കുന്നു. മികച്ച സിനിമ, മികച്ച നടൻ, നടി, ജനപ്രിയ ചിത്രം എന്നിവയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മെയിൻസ്ട്രീം താരങ്ങളല്ലാത്തവരിലേക്കും പുരസ്കാരങ്ങൾ പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അജയന്റെ രണ്ടാം മോഷണം (ARM), ഗുരുവായൂർ അമ്പലനടയിൽ, പ്രേമലും, വർഷങ്ങൾക്കുശേഷം, സൂക്ഷ്മദർശിനി, മാർക്കോ, ഭ്രമയുഗം, ആവേശം, കിഷ്കിൻധാകാണ്ഡം എന്നിവയാണ് ജനപ്രിയ ചിത്രങ്ങളുടെ പട്ടികയിൽ അവസാന റൗണ്ടിൽ ഉള്ളത്. 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.
Keralafilimaward