തിരുവനന്തപുരം : എന്‍ എം വിജയന്റെ ആത്മഹത്യയില്‍ പ്രതി ചേര്‍ത്തത് രാഷ്ട്രിയ പ്രേരിതമെന്ന് ഐസി ബാലകൃഷ്ണന്‍ എം എല്‍ എ. കേസിനെ നിയമപരമായി നേരിടുമെന്നും എംഎല്‍എ പറഞ്ഞു. കേസില്‍ ഭയപ്പാടില്ലെന്നും, കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍എ വ്യക്തമാക്കി.
കേസില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഒന്നും വയനാട് ഡിസിസി മുന്‍ പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രണ്ടും കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍ മൂന്നും പ്രതികളാണ്. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷകസംഘം തലവന്‍ ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുള്‍ ഷെരീഫ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റ പത്രത്തില്‍ നൂറോളം സാക്ഷിമൊഴികളുണ്ട്. ബാങ്ക് ഇടപാട് രേഖകള്‍, വിജയനുമായി നേതാക്കള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഓഡിയോ ക്ലിപ്പിങ്ങുകള്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍, വിജയന്റെ ഡയറിയിലെ വിശദാംശങ്ങള്‍ എന്നിവയെല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നര കോടിയോളംരൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ ജാമ്യത്തിലാണ്. അപ്പച്ചന്റെ ശബ്ദസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് പരിശോധന. ഫലം കോടതിക്ക് കൈമാറും. NM വിജയന്‍ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും പ്രതികളുടെ പേരുകള്‍ ഉണ്ട്.
2024 ഡിസംബര്‍ 24നാണ് വിജയനും മകനും വിഷംകഴിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 27ന് മരിച്ചു. നിയമനക്കോഴയിലുള്ള വിജിലന്‍സ് കേസിലും ഐ സി ബാലകൃഷ്ണന്‍ ഒന്നാംപ്രതിയാണ്. പ്രാഥമിക അന്വേഷണത്തിനുശേഷം കഴിഞ്ഞദിവസമാണ് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Icbalakrishnan