ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ പകപോക്കൽ വീണ്ടും. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 26 ന് സദാശിവനഗർ പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുണ്ടായ വാഹനാപകട കേസാണ് പൊലീസ് ഇപ്പോൾ കൊലപാതക ശ്രമ കേസായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫ്രീ ലെഫ്റ്റ് ഇല്ലാത്ത സിഗ്നലിൽ കാറിന് മുന്നിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. അറസ്റ്റിലായ സോഫ്റ്റ്‍വെയർ എഞ്ചിനീയർ സുകൃത് കേശവ് സ്കൂട്ടറിൽ സഞ്ചരിച്ചവരെ ഇടിച്ചുവീഴ്ത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അപകടത്തിന് ശേഷം കാർ നിർത്താതെ പോകുന്നതും സമീപത്തുണ്ടായിരുന്നവർ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. പിന്നാലെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത കേസ് ട്രാഫിക് പൊലീസ് ഇപ്പോൾ സദാശിവ നഗർ പൊലീസിന് കൈമാറിയിട്ടുണ്ട്. സുകൃത് കേശവിനെതിരെ കൊലപാതക ശ്രമ കേസ് രജിസ്റ്റർ ചെയ്തു. സുഹൃത്തിനൊപ്പം ഇന്ദിരാനഗറിലേക്കാണ് സുകൃത് യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കാറിന്റെ സൈഡ് മിററിൽ സ്കൂട്ടർ തട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ ഡെലിവറി ഏജന്റായ യുവാവിനെ ദമ്പതിമാർ കാറിടിച്ച് കൊന്നതിന്‍റെ നടക്കും മാറും മുന്നേയാണ് റോഡിലെ പകപോക്കൽ ബെംഗളൂരുവിൽ ആവർത്തിച്ചിരിക്കുന്നത്.
Softwareengeneerarrested






































