കോഴിക്കോട് : നിയമം ലംഘിച്ച് അമിത വേഗത്തിലെത്തിയ ബസ് പൊലീസ് പരിശോധനയ്ക്കായി നിർത്തിയപ്പോൾ ഡ്രൈവർ ഇറങ്ങി ഓടി. പെരുവഴിയിലായ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ട പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ നോർത്ത് ബേപ്പൂർ സ്വദേശി രായിക്കി(26) നെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 2.25 ന് മെഡിക്കൽ കോളജ് ജംക്‌ഷനിലാണ് സംഭവം. ഇവിടെനിന്ന് മാറാട് ബീച്ചിലേക്ക് സർവീസ് നടത്തുന്ന 'അസാറൊ' ബസ് ജംക്‌ഷനിൽ അമിത വേഗത്തിൽ മറ്റു വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട ട്രാഫിക് എസ്ഐ വി.പി.രാജേന്ദ്രനും സിപിഒ കെ.അമീറും വാഹനം കൈകാണിച്ചു നിർത്തി.
എസ്ഐ ഡ്രൈവർ രായിക്കിന് സമീപത്തെത്തി ലൈസൻസ് ആവശ്യപ്പെട്ടു. 'ഇപ്പോൾ തരാം' എന്ന് അറിയിച്ച് ഡ്രൈവർ യാത്രക്കാർ ഇറങ്ങുന്ന വാതിൽ തുറന്ന് കടന്നുകളഞ്ഞു. പൊലീസ് പിന്തുടരാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ ഓടിമറഞ്ഞു. തുടർന്ന് പൊലീസ് കണ്ടക്ടറെ ചോദ്യം ചെയ്തതിൽ ഡ്രൈവർക്ക് ലൈസൻസ് ഇല്ലെന്ന് വ്യക്തമായി. ലൈസൻസ് ഇല്ലാതെ ബസ് ഓടിച്ചതിനാണ് കേസെടുത്തത്. ഡ്രൈവർക്കെതിരെ മാറാട്, വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് എഐ ക്യാമറയിലും പൊലീസ് നടപടിയിലും പിഴ ചുമത്തിയ വാഹന ഉടമകൾക്ക് പിഴ ഒറ്റത്തവണ തീർപ്പാക്കുന്നതിന് രണ്ട് ദിവസങ്ങളിലായി നഗരത്തിൽ നടന്ന ഇ – ചെല്ലാൻ അദാലത്തിൽ 12 ലക്ഷത്തിലേറെ രൂപ പരിച്ചെടുത്തു. ട്രാഫിക് പൊലീസ് ചുമത്തിയ 746 വാഹന നിയമ ലംഘനത്തിൽ 4,41,250 രൂപയും മോട്ടർ വാഹന വകുപ്പ് എഐ ക്യാമറ വഴി ചുമത്തിയ പിഴയിൽ 7,85,750 രൂപയുമാണ് പിഴ അടപ്പിച്ചത്. രണ്ടു ദിവസങ്ങളിലായി മൊത്തം 12,27,000 രൂപ പിഴ അടപ്പിച്ചു.
Kozhikod

.jpeg)





.jpeg)



























