തിരുവനന്തപുരം : ഹാൽ സിനിമയിലെ രംഗങ്ങൾ നീക്കേണ്ടതില്ലെന്ന ഉത്തരവിനെതിരായ അപ്പീലിൽ, കത്തോലിക്കാ കോൺഗ്രസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിനിമ എങ്ങനെയാണ് കത്തോലിക്കാ കോൺഗ്രസിനെ ബാധിക്കുന്നതെന്ന് കോടതി ചോദിച്ചു. സിനിമയിലെ രംഗങ്ങൾ നീക്കാനോ കൂട്ടിച്ചേർക്കാനോ നിർദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സിനിമയുടെ ഏത് ഭാഗമാണ് നിങ്ങളുടെ അന്തസിനെ ബാധിക്കുന്നതെന്നും മിശ്രവിവാഹം സിനിമയിലല്ലേയെന്നും കത്തോലിക്കാ കോൺഗ്രസിനോട് ഹൈക്കോടതി ചോദിച്ചു. സിനിമ കാണാതെ അഭിപ്രായം പറയരുത്. സിംഗിൾ ബെഞ്ച് ഉത്തരവ് നിങ്ങൾക്ക് എതിരല്ലല്ലോയെന്നും ഹൈക്കോടതി പറഞ്ഞു. കത്തോലിക്കാ കോൺഗ്രസിന്റെ അപ്പീൽ ഉത്തരവിനായി മാറ്റി.
സിനിമ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നത് എന്നായിരുന്നു കത്തോലിക്കാ കോൺഗ്രസ് ആരോപണം. താമരശ്ശേരി ബിഷപ്പിനെ മോശമായി ചിത്രീകരിച്ചെന്നും അപ്പീലിൽ പറഞ്ഞിരുന്നു. ധ്വജപ്രണാമം, ഗണപതിവട്ടം, സംഘം കാവലുണ്ട് എന്നീ വാക്കുകൾ ഒഴിവാക്കണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. രാഖി ദൃശ്യം മറയ്ക്കണം ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ഒഴിവാക്കണമെന്നാണ് ഉത്തരവ്. സിനിമയ്ക്ക് A സർട്ടിഫിക്കറ്റ് നൽകുമെന്ന സെൻസർ ബോർഡ് നടപടി റദ്ദാക്കിയാണ് നിരീക്ഷണം.
Haalmovie





































