തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെന്ന് രാഹുല്‍ ഈശ്വര്‍. പിന്തുണയ്ക്കുന്നതില്‍ കുറ്റബോധമില്ലേയെന്ന ചോദ്യത്തിന് സന്തോഷമുണ്ടെന്നായിരുന്നു പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കവെ രാഹുല്‍ ഈശ്വറിനെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചതാണ്. ജയിലില്‍ നിരാഹാരം നിര്‍ത്തിയത് കിഡ്‌നിയെ ബാധിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞതിനാലാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
‘കിഡ്‌നിക്ക് പ്രശ്‌നമാവുമെന്ന് ഡോക്ടര്‍ പറഞ്ഞു. നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ആഹാരമില്ലാതെയും കഴിഞ്ഞു.11 ദിവസമായി. സ്റ്റേഷന്‍ജാമ്യം കിട്ടേണ്ട കേസ് ആണ്’, എന്നാണ് രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു. കേസില്‍ അഞ്ചാം പ്രതിയാണ് രാഹുല്‍.
അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിന്റെ നവംബര്‍ 30നായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. രണ്ടാം തവണയായിരുന്നു ജാമ്യം നിഷേധിക്കുന്നത്
രാഹുല്‍ ജയിലില്‍ നിരാഹാരം തുടര്‍ന്നതില്‍ കോടതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. നിരാഹാര സമരം അംഗീകരിക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമം നടത്തുകയാണെന്നും ജാമ്യം നല്‍കുന്നത് ഇത്തരം തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതി നടത്തിയത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി പറഞ്ഞിരുന്നു. പിന്നാലെ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.
Rahuleswar




































