കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വിചാരണക്കോടതി നാളെ വിധിക്കും. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ ആറുപ്രതികള്‍ കുറ്റക്കാരാണെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി.
ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം ( വടിവാള്‍ സലിം), പ്രദീപ് എന്നിവാരാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ മറ്റു പ്രതികള്‍. ഇവര്‍ക്കു നല്‍കേണ്ട ശിക്ഷയിന്മേലുള്ള വാദിമാണ് നാളെ കോടതിയില്‍ ആരംഭിക്കുക. തുടര്‍ന്ന് കോടതി ശിക്ഷ വിധിക്കും.
കേസില്‍ കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിക്കും. ഐപിസി പ്രകാരം പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തിയ കൂട്ടബലാത്സംഗമാണ് (വകുപ്പ് 376 ഡി ) ഏറ്റവും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റം. 20 വര്‍ഷം വരെ കഠിന തടവോ, ജീവിതാവസാനം വരെയുള്ള കഠിന തടവോ, ജീവപര്യന്തമോ ശിക്ഷ ലഭിച്ചേക്കാം.
കുറ്റകൃത്യത്തിനുള്ള അതേ ശിക്ഷ അതിനായുള്ള ഗൂഢാലോചനയില്‍ പങ്കെടുത്താലും ലഭിക്കും. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്നു എട്ടാം പ്രതിയായ നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേസിലെ ഏഴു മുതല്‍ 10 വരെ പ്രതികളെയാണ് വിചാരണക്കോടതി വെറുതെ വിട്ടത്.
Kochi





































