കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പകർപ്പ് പുറത്ത് വന്നു. ആകാശം ഇടിഞ്ഞുവീണാലും നീതി നടക്കട്ടെ എന്ന വാചകത്തോടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ന്യായം തയ്യാറാക്കിയിരിക്കുന്നത്. പള്‍സര്‍ സുനിയുള്‍പ്പെടെയുള്ള ആറ് പ്രതികളുമായി എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ ബന്ധിപ്പിക്കാന്‍ മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി കണ്ടെത്തിയതായി വിധിയിൽ വ്യക്തമാക്കുന്നു. ദിലീപിനെതിരെ നിരവധി ആരോപണങ്ങൾ വാദിഭാഗം ഉന്നയിക്കുന്നുണ്ടെങ്കിലും ആരോപണങ്ങൾ വെറും ആരോപങ്ങളായി മാത്രം നിലനിൽക്കുകയും തെളിവുകൾ ഹാജരാക്കാൻ കഴിയാതെ വരികയും ചെയ്തതായി വിധി പകർപ്പിൽ വ്യക്തമാകുന്നു.
ദിലീപിന്റെ കൊട്ടേഷനാണ് പ്രതികള്‍ നടപ്പാക്കിയത് എന്ന വാദം പൂര്‍ണമായും തള്ളുന്നതാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി പുറപ്പെടുവിച്ച വിധി. ദിലീപിനെതിരായ ഗൂഢാലോചന വാദങ്ങള്‍ പൂര്‍ണമായി തള്ളുന്നതാണ് വിധിന്യായം. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത പ്രതികളെ ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികളുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ശക്തമല്ല. പള്‍സര്‍ സുനി ദിലീപില്‍ നിന്ന് പണം വാങ്ങിയതിന് തെളിവില്ല. ദിലീപിനെ ബന്ധപ്പെടുത്തുന്ന സാഹചര്യ തെളിവുകള്‍ കണ്ടെത്തിയില്ല. പ്രതികള്‍ ജയിലില്‍ നിന്നും നടത്തിയെന്ന് പറയുന്ന ഫോണ്‍ വിളിയില്‍ വ്യക്തതയില്ല. ദിലിപീന് കത്തയച്ച സംഭവത്തിലും മതിയായ തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും വിധി ന്യായത്തില്‍ പറയുന്നു.
Court verdict released IN DELEEP CASE






































