കൂത്തുപറമ്പ് : ജനഹൃദയങ്ങളിൽ ഇന്നും സ്നേഹസ്തംഭമായി നിലകൊള്ളുന്ന മുൻമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പിആറിന്റെ 25-ാം ചരമവാർഷികാചരണത്തിന് പുത്തൂരിൽ തുടക്കമായി.പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ സോഷ്യലിസ്റ്റും ഗ്രന്ഥശാല പ്രവർത്തകനുമായ കെ.കുമാരൻ ജ്യോതി തെളിയിച്ചതോടെയാണ് ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പി ആർ - അരങ്ങിൽ ശ്രീധരൻ - കുഞ്ഞിരാമക്കുറുപ്പ് -ചന്ദ്രശേഖരൻ അനുസ്മരണ സമ്മേളനം രാഷ്ട്രീയ ജനതാദൾ ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയമത്തോടൊപ്പം തന്നെ ചട്ടങ്ങളും ഒരേ സമയം പാസ്സാക്കിയെടുത്ത സഹകരണ നിയമത്തിന് രൂപം കൊടുത്ത പി.ആർ സഹകരണ പ്രസ്ഥാനത്തിൻ്റെ പിതാവാണെന്ന് മനയത്ത് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ എല്ലാവരും വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.സംഘാടക സമിതി ചെയർമാൻ പി.കെ.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ എം.എൽ.എ, ആർജെഡി ജില്ലാ പ്രസിഡണ്ട് വി.കെ.ഗിരിജൻ, കെ.പി. ചന്ദ്രൻ മാസ്റ്റർ,കെ.പി.പ്രശാന്ത്, രവീന്ദ്രൻ കുന്നോത്ത്,ടി.പി.അബൂബക്കർ ഹാജി, ഒ.പി. ഷീജ എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ പി.ദിനേശൻ സ്വാഗതവും, ഒ.മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു.സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക്മനയത്ത് ചന്ദ്രൻ ,കെ.പി.മോഹനൻ എം.എൽ.എ, ഉഷ രയരോത്ത്,കെ.റൂസി മാസ്റ്റർ, ടി.വി.ഇബ്രാഹിം, സി.കെ.ദാമോദരൻ, പന്ന്യന്നൂർ രാമചന്ദ്രൻ, മനോജ് കുമാർ, കല്യാട്ട് പ്രേമൻ, കരുവാങ്കണ്ടി ബാലൻ, എൻ.ധനഞ്ജയൻ, ടി.പി.അനന്തൻ മാസ്റ്റർ, ജയചന്ദ്രൻ കരിയാട്, ഹരീഷ് കടവത്തൂർ, കെ.പി. റിനിൽ, എം.ശ്രീജ, ചന്ദ്രിക പതിയൻ്റവിട, ചീളിൽ ശോഭ,സജീന്ദ്രൻ പാലത്തായി, എം.കെ.രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ദിനാചരണത്തിൻ്റെ ഭാഗമായി ഇന്ന് മണ്ഡലത്തിലെ 100-ലധികം കേന്ദ്രങ്ങളിൽ പ്രഭാതഭേരി മുഴക്കി പതാകദിനമായി ആചരിക്കുകയും ചെയ്തു.ദിനാചരണത്തിൻ്റെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിൽ പി ആറിനെ അനുസ്മരിച്ചുകൊണ്ട് കൂത്തുപറമ്പ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 100 സോഷ്യലിസ്റ്റ് കുടുംബസംഗമങ്ങൾ നടക്കും. ഡിസംബർ 26-ന് കാലത്ത് 9 മണി മുതൽ പി.ആർ സ്മാരക സ്വർണ്ണ മെഡലിനായുള്ള അഖില കേരള ചിത്രരചന മത്സരം പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വാട്ടർ കളർ ഇനത്തിൽ നഴ്സറി, എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി-കോളേജ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനം നേടുന്ന ചിത്രങ്ങൾക്ക് സ്വർണ്ണമെഡൽ നൽകും. ഓരോ വിഭാഗത്തിലും മികച്ച പത്ത് ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും മത്സരത്തിലെ മികച്ച ചിത്രത്തിന് കാർത്തികേയൻ സ്മാരക പുരസ്കാരവും നൽകും. ചെസ് ടൂർണമെൻ്റ്, ബാലരംഗം കലാസാഹിത്യമേള, മഹിളാ സംഗമം - കലാമേള എന്നിവയും നടക്കും. തെരുവോര ചിത്രരചന, തൊഴിലാളി, വിദ്യാർത്ഥി, സഹകാരി സംഗമങ്ങൾ, സ്മൃതി യാത്ര എന്നീ പരിപാടികളുമുണ്ടാകും. പിആറിന്റെ 25-ാം ചരമവാർഷിക ദിനമായ ജനുവരി 17ന് രാവിലെ 9-ന് പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് പാനൂരിൽ മഹിളാസംഗമം നടക്കും. തുടർന്ന് അനുസ്മരണറാലിയും നടക്കും.പൊതുസമ്മേളനത്തിൽ ആർജെഡി ദേശീയ-സംസ്ഥാന നേതാക്കൾ പ്രസംഗിക്കും.
tributeforpr





































