മലപ്പുറം : മലപ്പുറത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ഉറച്ചും മുസ്ലീം ലീഗിനെ കടന്നാക്രമിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗിന് ധാര്‍ഷ്്ഠ്യവും അഹങ്കാരവുമാണെന്നും അവര്‍ എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാരെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവര്‍ത്തിച്ചു. മണി പവറും മാന്‍ പവറും മസില്‍ പവറും കൊണ്ട് ആരോടും എന്തും ചെയ്യാമെന്ന അഹങ്കാരമാണ് അവര്‍ക്ക്. ലീഗെന്നാല്‍ മലപ്പുറം പാര്‍ട്ടിയാണ്. മലപ്പുറത്തേക്ക് എല്ലാം ഊറ്റിയെടുത്ത് സമ്പന്നരെ സഹായിക്കാനാണ് ലീഗ് നോക്കുന്നത്. അധികാരങ്ങളും അവകാശങ്ങളും മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ് ലീഗ്. മതസൗഹാര്‍ദ്ദം തകര്‍ത്ത് മതവിദ്വേഷം വളര്‍ത്താനാണ് ലീഗിന്റെ ശ്രമമെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.
മലപ്പുറം പരാമര്‍ശം വിവാദമായതിന് പിന്നാലെ ലീഗിനെതിരെ അതിരൂക്ഷ വിമര്‍ശനം ആവര്‍ത്തിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. ലീഗുമായുള്ള പഴയ ബന്ധം ഓര്‍മ്മിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. കൂടെ നടന്നിട്ടും അര്‍ഹമായതൊന്നും തന്നില്ല. ഇതോടെയാണ് എസ്എന്‍ഡിപി അകന്നത്. ഇന്ന് തന്നെ വര്‍ഗീയ വാദി ആക്കാനുള്ള ശ്രമം ഈ അകല്‍ച്ചയുടെ ഫലമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തിന് വേണ്ടി സംസാരിച്ചപ്പോഴൊക്കെ ലീഗ് മാത്രമാണ് തന്നെ വര്‍ഗീയ വാദി ആക്കിയതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി
Vellappallinadesan






































