കൊച്ചി: മലയാളത്തിന്‍റെ അതുല്യ കലാകാരന്‍ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്‍റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മലയാളക്കരയാകെ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ചു.
കലാസാംസ്കാരിക രംഗത്തെ പ്രമുഖർ സംസ്കാര ചടങ്ങിലേക്കെത്തി. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരെത്തിയിരുന്നു.
48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റും നാടോടിക്കാറ്റും ടിപി ഗോപാലഗോപാലൻ എംഎയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും ഒന്നും മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല.
അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരവും ലഭിച്ചു. മലയാളിയുടെ, സിനിമാ പ്രേമികളുടെ മനസില്‍ ശ്രീനിവാസന് മരണമില്ല.
Kochi















.jpeg)





















