കണ്ണൂർ : കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2024 വര്‍ഷത്തെ അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ളവയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അക്കാദമിയുടെ www.keralafolklore.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിശ്ചിത മാതൃകയിലാണ് നാമനിര്‍ദേശം നല്‍കേണ്ടത്. കലാരംഗത്തെ പരിചയം തെളിയിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപന അധികാരിയുടെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. ഒരു ജനപ്രതിനിധി, കലാകാരന്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനം, അനുഷ്ഠാന കലയാണെങ്കില്‍ ബന്ധപ്പെട്ട ആരാധനാലയം എന്നിവരില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിക്കണം. ഒരാളുടെ പേര് മറ്റേതെങ്കിലും വ്യക്തിയോ, കലാസംഘടനയോ അവാര്‍ഡിന് നിര്‍ദേശിക്കുകയാണെങ്കില്‍ കലാകാരന്റെ സമ്മതപത്രവും ഹാജരാക്കണം. കലാകാരനെ സംബന്ധിച്ച പരമാവധി വിവരങ്ങള്‍ നാമ നിര്‍ദേശത്തോടൊപ്പം ഉണ്ടാകണം. രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. അക്കാദമിയുടെ ഏതെങ്കിലും പുരസ്‌കാരം ലഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമേ മറ്റൊരു പുരസ്‌ക്കാരത്തിന് പരിഗണിക്കുകയുള്ളൂ.
ഫെല്ലോഷിപ്പിനായി 65 വയസ് പൂര്‍ത്തിയായവരും നാടന്‍ കലാരംഗത്ത് മൂന്ന് വര്‍ഷത്തിലധികമായി ആചാര്യസ്ഥാനം അലങ്കരിക്കുന്നവരും മുന്‍വര്‍ഷങ്ങളില്‍ അക്കാദമിയുടെ ഏതെങ്കിലും അവാര്‍ഡിന് അര്‍ഹരായവരുമായ കലാകാരന്‍മാര്‍ക്ക് നാമനിര്‍ദേശം നല്‍കാം. അവാര്‍ഡിനായി നാടന്‍ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 20 വര്‍ഷത്തെ കലാപ്രാവീണ്യമുള്ള 40 മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഗുരുപൂജ പുരസ്‌കാരത്തിനായി 65 വയസ് പൂര്‍ത്തിയാക്കിയവര്‍ക്കും അക്കാദമിയുടെ പുരസ്‌കാരങ്ങളൊന്നും ലഭിച്ചിട്ടില്ലാത്തതുമായ കലാകാരന്മാര്‍ക്ക് നാമനിര്‍ദേശം നല്‍കാം. നാടന്‍ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 25 നും 40 വയസിനുമിടയില്‍ പ്രായമുള്ള യുവ നാടന്‍ കലാകാരന്മാര്‍ക്ക് യുവപ്രതിഭാ പുരസ്‌കാരത്തിനായി നാമനിര്‍ദേശം നല്‍കാം.
ഡോക്യുമെന്ററി പുരസ്‌കാരം: നാടന്‍ കലകളെ ആധാരമാക്കി അരമണിക്കൂറില്‍ കവിയാത്ത, 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ നിര്‍മിക്കപ്പെട്ടിട്ടുള്ള ഡോക്യുമെന്ററികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വിഷയത്തിലുള്ള ഡോക്യുമെന്ററിയുടെ മൂന്ന് പെന്‍ഡ്രൈവുകള്‍ ഉണ്ടാവണം. പ്രസ്തുത കാലയളവില്‍ നിര്‍മിച്ചതാണെന്നുള്ള കലാകാരന്റെ സത്യവാങ്മൂലവും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
കലാ പഠന-ഗവേഷണ ഗ്രന്ഥം: നാടന്‍ കലകളെ ആധാരമാക്കി രചിക്കപ്പെട്ടതും ഉന്നത നിലവാരം പുലര്‍ത്തുന്നതുമായ പഠന ഗവേഷണ ഗ്രന്ഥങ്ങള്‍ക്ക് കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡുകള്‍ നല്‍കുന്നു. 2022, 2023, 2024 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളായിരിക്കും അവാര്‍ഡിന് പരിഗണിക്കുക. ഗ്രന്ഥകാരന്‍മാര്‍ക്കും പുസ്തക പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ പരിഗണനയ്ക്ക് സമര്‍പ്പിക്കാം. വായനക്കാര്‍ക്കും മികച്ച ഗ്രന്ഥങ്ങള്‍ നിര്‍ദേശിക്കാം. അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ മൂന്ന് കോപ്പികളും ഉണ്ടാകണം.
അപേക്ഷകള്‍ ജനുവരി 31നകം സെക്രട്ടറി, കേരള ഫോക് ലോര്‍ അക്കാദമി, പി ഒ ചിറക്കല്‍, കണ്ണൂര്‍-11 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പടാം. ഫോണ്‍: 0497-2778090
Applynow

.jpeg)

.jpeg)

.jpeg)



.jpeg)


.jpeg)
























