ഡൽഹി: ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണം വിലക്കി ബംഗ്ലാദേശ് സർക്കാർ. ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് രാഷ്ട്രീയ കാരണങ്ങളാൽ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് നടപടി. അതേസമയം ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ബിസിസിഐ തള്ളി.
ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും പ്രതിഷേധങ്ങൾക്ക് വഴങ്ങി, ബിസിസിഐ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കാൻ ഇല്ലെന്ന കടുത്ത നിലപാടിലേക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് എത്തിയത്. താരങ്ങളുടെയും പരിശീലകരുടെയും ആരാധകരുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഐസിസിയോട് ആവശ്യപ്പെട്ടു. എന്നാൽ ബിസിബി ആവശ്യത്തോട് ജയ് ഷാ അധ്യക്ഷനായ ഐസിസിക്ക് അനുകൂല നിലപാട് അല്ലെന്നാണ് റിപ്പോർട്ടുകൾ.
ലോകകപ്പിന് ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. ഈ ഘട്ടത്തിൽ ഷെഡ്യൂൾ തിരുത്തുക എളുപ്പമല്ല. ഇംഗ്ലണ്ടും ഇറ്റലിയുമെല്ലാം ഉൾപ്പെടുന്ന സി ഗ്രൂപ്പിലാണ് ബംഗ്ലാദേശ്. മത്സര ക്രമം തിരുത്തിയാൽ അവരെയും ബാധിക്കും. അവസാന നിമിഷത്തിൽ യാത്ര ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നത് കാര്യങ്ങൾ സങ്കീർണമാക്കുമെന്നും ഐസിസി വ്യക്തമാക്കുന്നു. ഇരു ബോർഡുകളെയും വിളിച്ചുവരുത്തി രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കാനാണ് ഐസിസിയുടെ ശ്രമം. ആവശ്യമെങ്കിൽ സർക്കാരുകളെയും ഇടപെടുത്തും. അതേസമയം വേദി മാറ്റാനാവില്ലെന്ന നിലപാടിലാണ് ബിസിസിഐ. പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ബംഗ്ലാദേശ് ടീമിന് കനത്ത സുരക്ഷ ഒരുക്കുമെന്നും ബിസിസിഐ ഐസിസിയെ അറിയിക്കും.
Iplcombetionbaned






.jpeg)




.jpeg)
























