പാലക്കാട് : മലമ്പുഴയിൽ അധ്യാപകൻ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ ഗുരുതര കണ്ടെത്തൽ. സംസ്‌കൃത അധ്യാപകന്‍ അനിലിനെതിരെയാണ് കൂടുതൽ കണ്ടെത്തലുകൾ. സ്കൂളിൽ വെച്ചും ലൈംഗിക അതിക്രമം നടന്നതായി വിദ്യാർത്ഥികളുടെ മൊഴി.
ചില വിദ്യാർത്ഥികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്നും വിദ്യാർത്ഥികൾ പൊലീസിൽ മൊഴി നൽകി. വിഷയത്തിൽ കൂടുതൽ പരാതികൾ വരാൻ സാധ്യതയെന്നും പൊലീസ് പറഞ്ഞു. അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു. നിലവിൽ അനിൽ റിമാൻഡിലാണ്.ഇന്നലെ അധ്യാപകനെതിരെ അഞ്ച് വിദ്യാര്‍ത്ഥികളാണ് പൊലീസിൽ മൊഴി നൽകിയത്.സിഡബ്ല്യുസി നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ദുരനുഭവം തുറന്ന് പറഞ്ഞത്. ആദ്യഘട്ടത്തിൽ കൗണ്‍സിലിങ്ങിന് വിധേയരാക്കിയ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ പൊലീസിന് മൊഴി നല്‍കിയത്. യു പി ക്ലാസിലെ ആണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തുറന്നുപറച്ചില്‍ നടത്തിയതോടെ അടുത്ത ദിവസങ്ങളിലും സിഡബ്ല്യുസി കൗണ്‍സിലിങ് തുടരാനാണ് തീരുമാനം.
അതേസമയം വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച വിവരമറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ദിവസങ്ങളോളം മറച്ചുവച്ചുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് ചൈല്‍ഡ് ലൈനില്‍ സ്‌കൂള്‍ പരാതി നല്‍കിയതെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഡിസംബര്‍ 18നായിരുന്നു പീഡന വിവരം വിദ്യാര്‍ത്ഥി സഹപാഠിയോട് തുറന്ന് പറഞ്ഞത്. ആ ദിവസം തന്നെ സംഭവം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നു. തുടര്‍ന്ന് 19-ാം തിയതി അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ സംഭവം പൊലീസിനെയോ ബന്ധപ്പെട്ടവരെയോ അറിയിക്കാന്‍ വൈകിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പീഡനവിവരം മറച്ചുവെച്ചതില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും നടപടിയുണ്ടാകും
Pocsocaseagainstteacher








































