കണ്ണൂർ: കോർപറേഷൻ പരിധിയിലെ 56 ഡിവിഷനുകളിലും സമഗ്ര വികസനമാണ് ഈ ഭരണ സമിതിയുടെ ലക്ഷ്യമെന്ന് കോർപറേഷൻ മേയർ അഡ്വ: പി ഇന്ദിര പറഞ്ഞു. കണ്ണൂർ പ്രസ്സ് ക്ലബ്ബ്സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കയായിരുന്നു മേയർ. എല്ലാ മേഖലകളിലുംസമഗ്രവികസനം നടത്താൻകക്ഷി രാഷ്ട്രീയത്തിന് അതീതമായിഎല്ലാവരേയും ഉൾക്കൊണ്ട് പദ്ധതികൾ ആസൂത്രണം ചെയ്ത നടപ്പിലാക്കാനാണ് തീരുമാനം. എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെന്ന സ്വപ്നം കഴിഞ്ഞ ഭരണ സമിതി നടപ്പിലാക്കിക്കഴിഞ്ഞുവെന്നും പടന്നപ്പാലത്തെ മലിനജലസംസ്കരണ പ്ലാന്റ് മോഡൽ മറ്റ് വാഡുകളിലേക്കും വ്യാപിപ്പിക്കുമെന്നും മേയർ പറഞ്ഞു. അജൈവ മാലിന്യ സംസ്കരണ പദ്ധതിക്ക് പുറമെ ജൈവ മാലിന്യ പ്ലാന്റ് നിർമ്മിക്കാനുദ്ദേശിക്കുന്നുണ്ടെന്നും ഇതിനായി എല്ലാവരുമായി ചർച്ച നടത്തി നയപരമായ തീരുമാനംകൈക്കൊള്ളുമെന്നും മേയർ വ്യക്തമാക്കി. ജവഹർ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും സ്ഥലം എംപി അതിനായി പ്രത്യേകം താല്പര്യമെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. തെരുവ് വിളക്കുകളില്ലാത്ത കോർപറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും ടെൻഡർ വിളിച്ച് വിളക്കുകൾ സ്ഥാപിക്കും. പയ്യാമ്പലത്തെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് പരിസരവാസികൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിനായി ആധുനിക രീതിയിലുള്ള കേന്ദ്രത്തിൻ്റെ
പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പേ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ആറു മാസത്തിനുള്ളിൽ സെമിനാർ നടത്തും. താഴെ ചൊവ്വയിൽ തുടങ്ങിയത് പോലെ വഴിയോര വിശ്രമ കേന്ദ്ര പയ്യാമ്പലത്തും തുടങ്ങും. നഗരത്തിലെത്തുന്ന സ്ത്രീകൾകൾപ്പടെയുള്ളവർക്ക് അനുഭവപ്പെടുന്ന പ്രധാന വെല്ലുവിളി ഒരു പൊതു ശുചി മുറിയില്ലെന്നതാണ്. ഇതിന് പരിഹാരമുണ്ടാകും. അതിനായി സന്നദ്ധ സംഘടനകളുടെ സഹായം തേടും. രണ്ടു കിലോമീറ്റർ ചുറ്റളവിലായിരിക്കും ശുചിമുറികൾ നിർമ്മിക്കുക. ഇതോടൊപ്പം പാറക്കണ്ടിയിൽ കുടുംബശ്രീയുടെ സഹകരണത്തോടെ ജനകീയ ഹോട്ടലും ഉടൻ ആരംഭിക്കുമെന്ന് മേയർ പറഞ്ഞു. എസ്ഡിപി പ്ലാന്റ് മാതൃകയിൽ കക്കൂസ് മാലിന്യ സംസ്കരണത്തെക്കുറിച്ചും ഡയപ്പർ കളക്ഷൻ പദ്ധതിയുംതുടങ്ങാനുദ്ദേശിക്കുന്നുണ്ട്. നഗരത്തിൽ എല്ലാ സ്ഥലത്തും ഭീഷണിയാവുന്ന തെരുവ് പട്ടിയുടെ കാര്യത്തിലും കോർപറേഷൻ നടപടിയെടുത്തിട്ടുണ്ടെങ്കിലും മൃഗസ്നേഹികളുടെ ഇടപെടലുകളാണ് പ്രശ്നമെന്നും മേയർ പറഞ്ഞു.കോർപറേഷന്റെ പ്രധാന വരുമാനമെന്നത് നികുതി തന്നെയാണ്. തനത് വരുമാനം വർദ്ധിപ്പിക്കാൻ വ്യാപാരം സമുച്ഛയങ്ങൾ വേണം. പഴയ ബസ്സ് സ്റ്റാന്റിലെ കെട്ടിടങ്ങളും കാൽടെക്സിലുള്ള പൊളിഞ്ഞ് കിടക്കുന്ന കെട്ടിടവും പൊളിച്ചു നീക്കി ആധുനികരീതിയിലുള്ള പുതിയകെട്ടിടം നിർമ്മിക്കും. അതിനിടെ പദ്ധതികൾ നടപ്പിലാക്കാൻഉദ്യോഗസ്ഥരില്ലാത്തത് കോർപറേഷനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്. നികുതി പിരിമുകളും പദ്ധതി പൂർത്തീകരണങ്ങളും മാർച്ച് മാസത്തിന് മുമ്പേ പൂർത്തീകരിക്കേണ്ടതുണ്ട്. എന്നാൽ കോർപറേഷനോട് സർക്കാർ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞ് 27 ഓളം ഉദ്യോഗസ്ഥരെയാണ് സർക്കാർ സ്ഥലം മാറ്റിയിരിക്കുന്നത് ഒരു അസി: എഞ്ചിനീയർക്ക് കൂടി സ്ഥലമാറ്റമുണ്ടെന്നാണ് അറിയുന്നത്. ഇതിനെതിരെ തിരുവനന്തപുരത്ത് സമരത്തിന് പോകേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മേയർ പറഞ്ഞു. പ്രസ് ക്ലബ് ഹാളിൽ നടന്ന മീറ്റ് ദ പ്രസിൽ സെക്രട്ടറി കബീർ കണ്ണാടിപറമ്പ് സ്വാഗതം പറഞ്ഞു. പ്രസി സി. സുനിൽകുമാർ അദ്ധ്യക്ഷനായി. ട്രഷറർ കെ.സതീശൻനന്ദി പറഞ്ഞു.
Comprehensive development goal in all 56 divisions within the Kannur Corporation limits







































