തിരുവനന്തപുരം : ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അടൂരിലെ പൊലീസ് ക്യാമ്പിലേക്ക് മാറ്റാൻ ആലോചന. പത്തനംതിട്ട ജില്ലയിലെ തുടർ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് തീരുമാനം. നിലവിൽ പത്തനംതിട്ട എആർ ക്യാമ്പിലാണ് രാഹുൽ. പത്തനംതിട്ടയിലെ പൊലീസ് ഉദ്യോഗസ്ഥർ മേൽ ഉദ്യോഗസ്ഥരെ ഈ കാര്യം അറിയിച്ചു.
രാഹുലിനെതിരെ വലിയ പ്രതിഷേധമാണ് ഡിവൈഎഫ്ഐ-യുവമോർച്ചാ പ്രവർത്തകർ ഇന്നും ഉയർത്തിയത്. മാവേലിക്കര ജയിലിനും വൈദ്യപരിശോധനയ്ക്ക് എത്തിച്ച തിരുവല്ല ജനറൽ ആശുപത്രിയ്ക്കും, കോടതി വളപ്പിലും പ്രതിഷേധവുമായി ഡിവൈഎഫ്ഐ-യുവമോർച്ചാ പ്രവർത്തകർ രംഗത്തെത്തി. കോടതിയ്ക്ക് മുന്നിൽ നൂറ് കണക്കിന് പേരാണ് രാഹുലിനെതിരെ മുദ്രാവാക്യവുമായി തടിച്ചുകൂടിയത്. പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷാ വിന്യാസമാണ് പൊലീസ് നടത്തിയത്.
രാഹുലിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തനിക്കെതിരെയുള്ള മൂന്നാമത്തെ പരാതി മെനഞ്ഞെടുത്ത കഥയെന്നും തെളിവുകളില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കസ്റ്റഡിയിൽ ലഭിച്ചതോടെ രാഹുലിനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. എല്ലാം അഭിഭാഷകൻ പറയുമെന്ന മറുപടി മാത്രമാണ് രാഹുൽ നൽകുന്നത്. നിലവിൽ പാലക്കാട് നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും രാഹുലിനെ ചോദ്യം ചെയ്‌തെങ്കിലും മറുപടി ഒന്നും തന്നെ നൽകിയിരുന്നില്ല. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ച കെപിഎം ഹോട്ടലിലെ മുറിയിൽ പൊലീസ് പരിശോധന നടത്തി. മുറിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. ഫോൺ ശാസ്ത്രിയ പരിശോധനയ്ക്ക് വിധേയമാക്കും.
Rahulmangootathil








































