ഡൽഹി: ജനാധിപത്യം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ച് മമതാ ബാനർജി. കേന്ദ്ര അന്വേഷണ ഏജൻസികൾ മനപ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. നിങ്ങൾ ഭരണഘടനയുടെ കാവൽക്കാരാണ്. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയും ഭരണഘടനയും സംരക്ഷിക്കപ്പെടണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു.
കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി സർക്യൂട്ട് ബെഞ്ചിന്റെ ഉദ്ഘാടന വേളയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുക്കുമ്പോൾ ആയിരുന്നു മമതയുടെ അഭ്യർത്ഥന. “ചീഫ് ജസ്റ്റിസിനോടും എല്ലാ ജഡ്ജിമാരോടും എന്റെ അഭ്യർത്ഥന. നമ്മുടെ ഭരണഘടന, ജനാധിപത്യം, സുരക്ഷ, ചരിത്രം, ഭൂമിശാസ്ത്രം, നമ്മുടെ അതിർത്തി എന്നിവ സംരക്ഷിക്കപ്പെടുന്നുവെന്ന് ദയവായി ഉറപ്പുവരുത്തുക. ഒരു കേസ് അന്തിമമാകുന്നതുവരെ മാധ്യമങ്ങൾ മാധ്യമ വിചാരണയിൽ ഏർപ്പെടരുത്. ജനങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ഇന്നത്തെ പ്രവണതയാണിത്. അപകീർത്തിപ്പെടുത്താൻ ഏജൻസികൾ മനഃപൂർവം ശ്രമിക്കുന്നു,” മുഖ്യമന്ത്രി ബാനർജി പറഞ്ഞു.
ഐ പാക്കിനെതിരായ അന്വേഷണം തടസ്സപ്പെടുത്തിയ ബംഗാൾ സർക്കാരിനെ കഴിഞ്ഞദിവസം സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കേസിൽ ബംഗാൾ സർക്കാരിനും ഡിജിപിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കും സുപ്രീംകോടതി നോട്ടീസ് നൽകുകയും രണ്ടാഴ്ചക്കുള്ളിൽ മറുപടി സമർപ്പിക്കാനും കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മമത ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്.
Mamathabanargi


















_(18).jpeg)




















