എടൂർ: ആറളം ഗ്രാമപഞ്ചായത്ത് പരിധിയിലെ വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിന്റെ ഭാഗമായി കർമ്മപദ്ധതി തയ്യാറാക്കുന്നതിന് ജന ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ (21.01.2026) ആറളം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് വനം വകുപ്പ് ഏകദിന ശില്പശാല നടത്തി. ആറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . ജിമ്മി അന്തിനാട്ട് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ ഉദ്ഘാടനം ചെയ്യുകയും നിലവിൽ വനം വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികൾ, ജന ജാഗ്രത സമിതികൾ, പ്രൈമറി റെസ്പോൺസ് ടീം തുടങ്ങിയവയുടെ പ്രാധാന്യം, വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിനായി നടപ്പിലാക്കി വരുന്ന 10 മിഷനുകൾ സംബന്ധിച്ച് തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു.
മനുഷ്യ വന്യജീവി സംഘർഷ ലഘൂകരിക്കുന്നതിനായി വനവകുപ്പ് തയ്യാറാക്കിയ ആറളം പഞ്ചായത്തിന്റെ ലാൻഡ്സ്കേപ്പ് പ്ലാൻ, നിലവിൽ പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കിവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ, പഞ്ചായത്ത്, റവന്യൂ കൃഷി, ടി ആർ ഡി എം, ആരോഗ്യം, എക്സൈസ് തുടങ്ങിയ വകുപ്പുകൾ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും ഭാവിയിൽ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചും ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ അവതരിപ്പിച്ചു.
തീരുമാനങ്ങൾ
ചതിരൂർ- നീലായി- വാളത്തോട് ഭാഗത്ത് പുതിയ ഹാങ്ങിങ് സോളാർ പെൻസിങ് സ്ഥാപിക്കുന്നതിനും, നിലവിലുള്ള സോളാർ ഫെൻസിംഗ് ലൈനുകൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കുന്നതിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും, ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്തുന്ന ഗജമുക്തി ഓപ്പറേഷൻ തുടരുന്നതിനും, ചതിരൂർ, വാളത്തോട്, നീലായി തുടങ്ങിയ പ്രദേശങ്ങളിൽ പ്രൈമറി റെസ്പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും തീരുമാനമായി.
പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വനം വന്യജീവി സംബന്ധമായ സംശയങ്ങൾ, പരാതികൾ എന്നിവ വനംവകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് തുടർനടപടികൾ സ്വീകരിക്കുന്നതിന് ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ വനംവകുപ്പിൽ നിന്നും ആറളം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ശ്രീ. ജിത്തു പൂവൻ, കീഴ്പ്പള്ളി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആയ ശ്രീ. അനൂപ് എന്നിവരെ ലൈസണോഫീസർമാരായി തിരഞ്ഞെടുത്തു.
കർമ്മപദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കാടുപിടിച്ചു കിടക്കുന്ന ആറളം ഫാം- പുനരധിവാസ മേഖല, സ്വകാര്യ സ്ഥലങ്ങൾ വെട്ടിത്തെളിക്കുന്നത്, വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്, സ്മാർട്ട് ഫെൻസിങ് പോലെയുള്ള സംവിധാനങ്ങളിലൂടെ റിയൽ ടൈം മോണിറ്ററിംഗ് കാര്യക്ഷമമാക്കുന്നതിനും, വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിന് വേണ്ടി നടപ്പിലാക്കിവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ പദ്ധതി രേഖയിൽ ചർച്ച ചെയ്തു.
കൂടാതെ ആറളം ശലഭ ഗ്രാമം പ്രഖ്യാപിച്ചതിനാൽ ആറളം ശലഭഗ്രാമത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളുടെ സാമ്പത്തിക സാമൂഹിക ഉന്നമനം കണ്ടെത്തുന്നതിനും ഉള്ള പദ്ധതികൾ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. റൈഹാനത്ത് സുബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോർജ് എ. കെ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രജിത മാവില, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. ഷിജി നടുപറമ്പിൽ, ശ്രീമതി. മാർഗരറ്റ് ടി പി, മറ്റു മെമ്പർമാരായ ശ്രീ. ഷഹീർ മാസ്റ്റർ, ശ്രീമതി. വത്സ ജോസ്, ശ്രീമതി. സബിത കെ കെ, ശ്രീമതി. സുജാത, ശ്രീമതി. ജാബിദ കെ കെ, ശ്രീ. ഷിഹാബുദ്ദീൻ എം, ശ്രീമതി.സുമ ദിനേശൻ, ശ്രീമതി. റോസമ്മ മാത്യു, ശ്രീമതി. സുധിന പി. എം, ശ്രീമതി. വസന്ത മോഹനൻ, കൊട്ടിയൂർ റേഞ്ച് ഓഫീസർ ശ്രീ. നിതിൻ രാജ്, കൃഷി ഓഫീസർ ശ്രീ രാഹുൽ ടി ആർ തുടങ്ങിയവർ സംസാരിച്ചു. കൂടാതെ പുതിയ പഞ്ചായത്ത് ഭരണസമിതി ഭാരവാഹികളെ പരിചയപ്പെടുന്ന വേദി കൂടിയായി. മനുഷ്യവന്യജീവി സംഘർഷ ലഘൂകരണത്തിന് എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണ ഉണ്ടെന്നും വൈസ് പ്രസിഡണ്ട് യോഗത്തിൽ അറിയിച്ചു.
Aralam


































