കണ്ണൂർ: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ പൂർത്തിയായ ഉടൻ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടി അത്യന്തം അപലപനീയവും ജനങ്ങളോടുള്ള തുറന്ന വെല്ലുവിളിയുമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എം.പി . തിരഞ്ഞെടുപ്പ് കാലത്ത് ജനവിരുദ്ധ തീരുമാനങ്ങൾ മറച്ചു വെച്ച്, വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ യഥാർത്ഥ നയങ്ങൾ പുറത്തുകൊണ്ടുവരുന്ന രാഷ്ട്രീയ കപടതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്.വാണിജ്യ സിലിണ്ടർ വില വർധന നേരിട്ട് ബാധിക്കുന്നത് തട്ടുകടകൾ, ചെറിയ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, ചായക്കടകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികളെയാണ്. ഇതിനകം തന്നെ ഉയർന്ന വാടക, വൈദ്യുതി ചാർജ്, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം എന്നിവയുടെ ഇരട്ടപ്രഹരത്തിൽ കഴിയുന്ന ഈ മേഖലകൾക്ക് മേൽ കേന്ദ്രസർക്കാർ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.
ഇതിന്റെ പ്രത്യാഘാതം വ്യാപാരികളിൽ മാത്രം ഒതുങ്ങുന്നതല്ല. ഭക്ഷണസാധനങ്ങളുടെ വില വർധനയായി അത് നേരിട്ട് പൊതുജനങ്ങളുടെ അടുക്കളയിലേക്കും കുടുംബബജറ്റിലേക്കും കടന്നുവരും. ഒരു ചായയുടെ വില മുതൽ സാധാരണ ഒരു നേരത്തെ ഭക്ഷണത്തിന്റെ വില വരെ വർധിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. അതുവഴി സാധാരണക്കാരന്റെ ദൈനംദിന ജീവിതച്ചെലവ് വീണ്ടും ഉയരുകയാണ്.
ജനങ്ങളുടെ വോട്ട് തേടുമ്പോൾ വിലക്കയറ്റം മറച്ചുവെക്കുകയും, തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ജനങ്ങളുടെ മേൽ സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ സമീപനം ജനാധിപത്യത്തോടുള്ള അവഹേളനമാണ്. ജനങ്ങളുടെ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ഒരു സർക്കാരിന് ഉത്തരവാദിത്വമുണ്ടാകണം. പക്ഷേ ഇവിടെ നടക്കുന്നത് ജനങ്ങളുടെ കയ്യിൽ നിന്ന് അവസാന രൂപയും പിടിച്ചെടുക്കാനുള്ള നയങ്ങളാണ്.
വാണിജ്യ സിലിണ്ടർ വിലവർധന ഉടൻ പിൻവലിക്കണമെന്നും ചെറുകിട വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ആശ്വാസം നൽകുന്ന അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കെ. സുധാകരൻ . എം.പി ആവശ്യപ്പെട്ടു .
ജനങ്ങളെ പരീക്ഷിക്കുന്ന ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പൊതു ജനപ്രതിഷേധം ഉയർന്നു വരുമെന്നും എംപി കൂട്ടിച്ചേർത്തു.
Ksudhakaranmp







































