#K Sudhakaran #CJP Protest #Jantar Mantar
ഡൽഹി: CJP സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി ജന്തർ മന്തറിലെ പ്രതിഷേധ വേദി സന്ദർശിച്ചു. വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ പശ്ചാത്തലത്തിലാണ് സന്ദർശനമെന്നും ഐക്യദാർഢ്യം CJP ക്കല്ല, വിദ്യാർത്ഥികൾക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
CJP ക്ക് പിന്തുണ നൽകുന്ന കാര്യം കോൺഗ്രസിന് ഏകപക്ഷീയമായി തീരുമാനിക്കാൻ കഴിയില്ല. നേതാക്കളുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നും കെ. സുധാകരൻ പറഞ്ഞു.
അതിനിടെ ജന്തർ മന്തറിലെ യുവാക്കളുടെ പ്രതിഷേധം ഇന്നും പാർലമെന്റിന്റെ ഇരുസഭകളെയും തടസപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ബഹളം വച്ചു. സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രതിഷേധം തുടങ്ങിയിരുന്നു.
വിഷയത്തിൽ ചർച്ച നടത്താമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ബഹളം തുടർന്നതോടെ ലോക്സഭ നിർത്തിവച്ചു. പിന്നീട് ചേർന്നപ്പോഴും ബഹളമായതോടെ സഭ പിരിഞ്ഞു. വെറും രണ്ടു മിനിറ്റ് മാത്രമാണ് സഭ സമ്മേളിച്ചത്. പ്രതിപക്ഷ എംപിമാർ നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ പാർലമെന്റിൽ സംഘർഷാവസ്ഥയായി. തുടർന്ന് രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിഞ്ഞു.
അതേസമയം ഫാസ്റ്റ് ട്രാക്ക് കോടതി പരിഹാരമല്ലെന്ന് CJP വക്താവ് സൗരവ് ദാസ് പറഞ്ഞു. നിലവിലെ കോടതിയെ ഫാസ്റ്റ് ട്രാക്ക് കോടതിയാക്കിയാൽ കെട്ടിക്കിടക്കുന്ന മറ്റൊരു കേസായി ഇതും മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമരത്തിന് നേതാവില്ല, സമരം ചെയ്യുന്നത് യുവാക്കളാണെന്നും സൗരവ് ദാസ് പറഞ്ഞു. സമരം ഊരാക്കുടുക്കല്ലെന്ന് അശുതോഷ് റാങ്കെയും അഭിപ്രായപ്പെട്ടു.
Content Highlight: K Sudhakaran Visits CJP Protest, Parliament Disrupted Over NEET Row







































