അടക്കാത്തോട് : അടക്കാത്തോട് പ്രദേശത്ത് രൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിനും, വനംവകുപ്പിന്റെ ചീങ്കണ്ണിപ്പുഴക്ക് മേലുള്ള കയ്യേറ്റത്തിനുമെതിരെ മുഖ്യമന്ത്രിക്ക് നിവേദനം കൈമാറാനായി അടയ്ക്കാത്തോട് സെന്റ് ജോസഫ് ചർച്ചിൽ കർഷകരുടെ ഒപ്പ് ശേഖരണം നടന്നു. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ താമസിക്കുന്ന പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മയുടെ പേരിലാണ് നിവേദനം കൈമാറുകയെന്ന് അടക്കാത്തോട് പള്ളി വികാരി ഫാദർ സെബിൻ ഐക്കരതാഴത്ത് പറഞ്ഞു. കാട്ടാന തുടർച്ചയായി ആന പ്രതിരോധ മതിൽ ഭേദിക്കുന്ന സാഹചര്യത്തിൽ ആനമതിൽ ബലപ്പെടുത്തുക, മതിൽ ഇല്ലാത്ത ഇടങ്ങളിൽ മതിൽ നിർമാണം പൂർത്തിയാക്കുക, കൊലയാളി മോഴയാനയെ പിടിച്ചു മാറ്റുക, ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥാവകാശം കേളകം വില്ലേജിൽ നിലനിർത്തുക എന്നിവയാണ് നിവേദനത്തിലെ ആവശ്യങ്ങൾ.
നേരത്തെ ചെട്ടിയാംപറമ്പ് മേഖലയിൽ ഒപ്പ് ശേഖരണം പൂർത്തിയായിരുന്നു. കേളകം പഞ്ചായത്ത് ഓഫീസ് മുഖാന്തരം ആയിരിക്കും നിവേദനം കൈമാറുകയെന്ന് ജനകീയ കമ്മിറ്റി ചെയർമാൻ ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റം പറഞ്ഞു. ജനകീയ കമ്മിറ്റി അംഗങ്ങളായ ജോസഫ് ആഞ്ഞിലിവേലിൽ, പ്രവീൺ താഴത്തെമുറി, ജസ്റ്റിൻ ചീരംവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Adakkathodestjosephcharch